തോട്ടഭൂമി വിനിയോഗത്തിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ പ്രത്യേകസമിതിയും ഭൂനിയമങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിതലസമിതിയും രൂപീകരിക്കും. ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിടുന്ന ഓരോ താത്‌പര്യപത്രത്തിനും ഫാസ്‌റ്റ് ട്രാക്ക് സംവിധാനമേര്‍പ്പെടുത്തും.

കൊച്ചി: സംസ്‌ഥാനത്തിന്റെ വികസനപ്രതീക്ഷകള്‍ക്ക് ഊര്‍ജം പകര്‍ന്ന്, ഇന്‍വെസ്‌റ്റ് കേരള ആഗോള ഉച്ചകോടിയില്‍ 1,52,905.67 കോടി രൂപയുടെ നിക്ഷേപവാഗ്‌ദാനം. രാജ്യത്തും വിദേശത്തുമുള്ള 374 കമ്പനികളാണു കേരളത്തില്‍ മുതല്‍മുടക്കാന്‍ സന്നദ്ധതയറിയിച്ചത്. ഇവയില്‍ 66 സ്‌ഥാപനങ്ങള്‍ 500 കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തും.
ഉച്ചകോടിയുടെ സമാപനസമ്മേളനത്തില്‍ മന്ത്രി പി. രാജീവാണ് നിക്ഷേപവാഗ്‌ദാനം വെളിപ്പെടുത്തിയത്. 24 ഐ.ടി. കമ്പനികള്‍ കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ താത്‌പര്യമറിയിച്ചതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപവും 60,000 തൊഴിലവസരവുമുണ്ടാകും. യാഥാര്‍ഥ്യബോധമുള്ള നിക്ഷേപനിര്‍ദേശങ്ങളാണു സര്‍ക്കാര്‍ തേടുന്നതെന്നു മന്ത്രി വ്യക്‌തമാക്കി.
തോട്ടഭൂമി വിനിയോഗത്തിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ പ്രത്യേകസമിതിയും ഭൂനിയമങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിതലസമിതിയും രൂപീകരിക്കും. ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിടുന്ന ഓരോ താത്‌പര്യപത്രത്തിനും ഫാസ്‌റ്റ് ട്രാക്ക് സംവിധാനമേര്‍പ്പെടുത്തും. നിക്ഷേപനിര്‍ദേശങ്ങള്‍ സംബന്ധിച്ച തുടനടപടികള്‍ അടുത്ത പ്രവൃത്തിദിവസം മുതല്‍ ആരംഭിക്കും. അതിനായി പ്രത്യേക ഡാഷ്‌ബോര്‍ഡ് സംവിധാനം സ്‌ഥാപിക്കും.
നിര്‍ദിഷ്‌ടപദ്ധതികളുടെ തുടര്‍നടത്തിപ്പിന് നോഡല്‍ ഓഫീസറെ നിയോഗിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അവലോകനം നടത്തും. പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും അവലോകനയോഗം. ഇന്‍വെസ്‌റ്റ് കേരള ആഗോള ഉച്ചകോടി മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തുമെന്നു മന്ത്രി രാജീവ് പ്രഖ്യാപിച്ചു.
യു.എ.ഇ. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്‌റ്റോപിയ സമ്മേളനത്തിന് 2026 ജൂലൈയില്‍ കേരളം ആതിഥേയരാകും. സംസ്‌ഥാനസര്‍ക്കാരിന്റെ വ്യവസായ അനുകൂലനയങ്ങളും നയങ്ങളിലെ സ്‌ഥിരതയും നിക്ഷേപസൗഹൃദാന്തരീക്ഷത്തിനു ഗുണകരമാണെന്നു സമാപനച്ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
സംസ്‌ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ജോര്‍ജ് കുര്യന്‍
കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സഹകരണ ഫെഡറിലസത്തോട് സംസ്‌ഥാനസര്‍ക്കാര്‍ അനുകൂലനിലപാടാണ് കൈക്കൊള്ളുന്നതെന്നു മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രശംസിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ദക്ഷിണ കൊറിയ കോണ്‍സല്‍ ജനറല്‍ ചാങ്-നിം കിം, സംസ്‌ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേകപ്രതിനിധി കെ.വി. തോമസ്, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ സഹസ്‌ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. കൃഷ്‌ണ എല്ല, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എം.എ. അഷ്‌റഫ് അലി, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് എന്നിവര്‍ പങ്കെടുത്തു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി: എം.ഡി: എസ്. ഹരികിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു. ദ്വിദിന ഉച്ചകോടിയില്‍ 3,000 പ്രതിനിധികള്‍ പങ്കെടുത്തു. 26 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായി.