തൃശുര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകന്‍ ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളം. ഇന്ന് രാവിലെ 8 മണി മുതല്‍ 10 മണിവരെ പൂങ്കുന്നത്തെ വീട്ടിലും പിന്നാലെ സംഗീതനാടക അക്കാദമി തീയേറ്ററിലും പൊതുദര്‍ശനം. 12 മണിയോടെ മൃതദേഹം വീണ്ടും തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ സംസ്‌ക്കാരം ചേന്ദമംഗലത്തെ പാലിയം വീട്ടില്‍ നടക്കും. നാളെ വൈകീട്ട് മൂന്നരയ്ക്ക് ആണ് സംസ്‌കാരം.
ഇന്നലെ രാത്രി 7.45 മണിയോടെയായിരുന്നു ഗായകന് അന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുറേ വര്‍ഷങ്ങളായി സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
സംഗീതജ്ഞന്‍ തൃപ്പൂണിത്തുറ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി 1944-ല്‍ എറണാകുളം രവിപുരത്താണു ജനനം. പിന്നീട് ഇരിങ്ങാലക്കുടയിലേക്കു താമസം മാറ്റി. അവസാനകാലത്ത് തൃശൂര്‍ പൂങ്കുന്നം സീതാറാംമില്‍ ലെയ്‌നിലെ വിസമയ ഫ്‌ളാറ്റിലായിരുന്നു താമസം. മികച്ച മൃദംഗവാദകന്‍ കൂടിയായ ജയചന്ദ്രന്‍ സ്‌കൂള്‍തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടിയശേഷം ചെന്നൈയിലേക്കുപോയ ജയചന്ദ്രന്‍ 1965-ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ഒരു മുല്ലപ്പൂമാമലയാളം എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാല്‍ ജി. ദേവരാജന്‍-പി. ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി…’ എന്ന ഗാനമാലപിച്ചതോടെ പിന്നണിഗാനരംഗത്ത് അസാമാന്യവൈഭവത്തോടെ ചുവടുറപ്പിച്ചു.