നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പോലീസ് കേസെടുത്തു. സംഭവത്തില്‍ സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ. നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. അതിനിടെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്ന കലാ രാജു തിരിച്ചെത്തി.
സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്ന സിപിഎം, തങ്ങൾ 13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാർട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്.