
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തിനു പിന്നാലെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗംഗാധരൻ, ഗോപാലൻ, സുരേന്ദ്രൻ എന്നീ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്.
കാൻസർ, ലിവർ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണിവർ. വിഷം കഴിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന വയനാട് സ്വദേശിനിയുടെയും തൂങ്ങിമരിക്കാൻ ശ്രമിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിയ ഒരാളുടെയും മരണ റിപ്പോർട്ട് കൂടി പുറത്തു വരാനുണ്ട്.
വെന്‍റിലേറ്റർ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അതേസമയം പൊട്ടിത്തെറിയിൽ വിദഗ്ധ സംഘം അന്വേഷണം നടത്തും. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്സിന്റെ നേതൃത്വത്തിലാകും അഞ്ച് പേരുടെ മരണത്തിലെ അന്വേഷണം. സ്വകാര്യ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സംബന്ധിച്ച തീരുമാനം ഡോക്ടർമാർ അടങ്ങിയ സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.