
തിരുവനന്തപുരം: കെ. സുധാകരന്റെ പിന്‍ഗാമിയായി ആന്റോ ആന്റണിയേയോ സണ്ണി ജോസഫിനെയോ മറ്റ് നേതാക്കള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍, കെ.പി.സി.സി. അധ്യക്ഷപദവി വീണ്ടും കെ. മുരളീധരനിലേക്ക് എത്താന്‍ സാധ്യതയേറി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ കെ.പി.സി.സിക്കു ശക്തമായ നേതൃത്വം ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
കെ. സുധാകരന്‍ ഉടക്കിനില്‍ക്കുകയാണെങ്കിലും നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. സംസ്ഥാനാധ്യക്ഷപദവി നഷ്ടമാകുന്ന സുധാകരനെ പ്രവര്‍ത്തകസമിതിയിലേക്ക് ഉയര്‍ത്തിയേക്കും. നേതൃത്വത്തില്‍നിന്നു സുധാകരനെ മാറ്റേണ്ടതില്ലെന്നാണു കെ. മുരളീധരന്റെ പരസ്യനിലപാട്.
എന്നാല്‍, സുധാകരനു പകരം വയ്ക്കാവുന്ന കരുത്തനായ നേതാവെന്ന നിലയില്‍ മുരളീധരന്റെ പേര് നിര്‍ദേശിക്കപ്പെട്ടാല്‍ അദ്ദേഹം വഴങ്ങിയേക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചേതീരൂവെന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗിനും സ്വീകാര്യനാണെന്നതു മുരളീധരന് അനുകൂലഘടകമാണ്.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സുധാകരനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയാണ് നേതൃമാറ്റചര്‍ച്ച സജീവമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച യു.ഡി.എഫ്. യോഗം നിശ്ചയിച്ചിരിക്കേ, തലേന്നാണ് സുധാകരനു ഡല്‍ഹിയിലേക്കു വിളിയെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും എ.കെ. ആന്റണി സജീവനേതൃത്വത്തില്‍നിന്ന് പിന്മാറുകയും ചെയ്തശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നു മുന്‍നിരനേതാക്കളില്ലാത്തതു പോരായ്മയാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. എന്നാല്‍, കരുത്തനായ മുരളീധരനെ കെ.പി.സി.സി. അധ്യക്ഷപദവി ഏല്‍പ്പിച്ച്, മറ്റൊരു താക്കോല്‍സ്ഥാനം ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ള നേതാവിന് കൊടുക്കാനാണ് ആലോചന.
അധ്യക്ഷപദവിയിലേക്ക് അടൂര്‍ പ്രകാശും പരിഗണനയിലുണ്ട്. അതേസമയം, കെ സുധാകരനെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇപ്പോള്‍ ഒരു മാറ്റം നല്ലതല്ല എന്നാണു തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.