
തിരുവനന്തപുരം: ഗുരുതരാവസ്ഥയില്‍ കിടന്ന രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വിളിച്ചിട്ട് 108 ആംബുലന്‍സ് വന്നില്ലെന്ന് ആക്ഷേപം. മറ്റൊരു ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടയില്‍ രോഗി മരണമടഞ്ഞതായും റിപ്പോര്‍ട്ട്.
കുരിശുമലയ്ക്ക് ഡ്യൂട്ടിക്ക് ഇട്ടിരുന്നതിനാല്‍ വരാനാകില്ല എന്ന് 108 ആംബുലന്‍സ് അധികൃതര്‍ നിലപാട് എടുത്തെന്നാണ് ആരോപണം. ആംബുലന്‍സ് എത്താതിരുന്നതിനാല്‍ കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ രോഗി മരണമടഞ്ഞു.
വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരണമടഞ്ഞത്. അസുഖം കുടി ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയായിരുന്നു ആന്‍സിയുടെ സഹായികള്‍ 108 ആംബുലന്‍സ് വിളിച്ചത്.
കിട്ടിയ മറുപടി ഇപ്പോള്‍ വരാനാകില്ലെന്നും കുരിശുമല ഡ്യൂട്ടിക്കായി മാറ്റിയിട്ടിരിക്കുകയാണെന്നുമായിരുന്നു. പിന്നീട് ഏറെ വൈകിയ ശേഷം ഓക്‌സിജന്‍ സൗകര്യമില്ലാത്ത മറ്റൊരു ആംബുലന്‍സില്‍ രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും യാത്രാമദ്ധ്യേ തന്നെ രോഗി മരണമടഞ്ഞു.