• Sun. Nov 17th, 2024

24×7 Live News

Apdin News

Kurua in Alappuzha; Confirmed by the police | ആലപ്പുഴയില്‍ കുറുവ തന്നെ; സ്‌ഥിരീകരിച്ച്‌ പോലീസ്‌, തെരഞ്ഞെടുക്കുന്നത്‌ തീര്‍ഥാടനകാലം , അമിത ആത്മവിശ്വാസം, സിസിടിവി ക്യാമറകള്‍ കാര്യമാക്കാറില്ല

Byadmin

Nov 17, 2024


kerala

ആലപ്പുഴ: ജില്ലയിലെ മോഷണങ്ങള്‍ക്കു പിന്നില്‍ കുറുവാസംഘമാണെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചു. കുറുവാ മോഷണസംഘത്തിന്റെ പ്രവര്‍ത്തനരീതി വ്യത്യസ്‌തമാണെന്നും ജനം ജാഗ്രത പാലിക്കണമെന്നും ആലപ്പുഴ ഡിവൈ.എസ്‌.പി. പറഞ്ഞു. തീര്‍ഥാടനകാലത്ത്‌ നിരവധി ഭക്‌തര്‍ ഇതര സംസ്‌ഥാനങ്ങളില്‍നിന്ന്‌ ആലപ്പുഴയില്‍ എത്തുന്നുണ്ട്‌. പോലീസിന്‌ എല്ലാവരെയും തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ കഴിയില്ല. അത്‌ മോഷണസംഘത്തിന്‌ അനുകൂല ഘടകമാണ്‌. കുറുവാസംഘം തീര്‍ഥാടനകാലം തെരഞ്ഞെടുക്കുന്നത്‌ അതിനാലാകുമെന്നും ഡിവൈ.എസ്‌.പി. പറഞ്ഞു.

കുറുവാസംഘം പകല്‍സമയത്ത്‌ വീടുകളും അവയുടെ പ്രത്യേകതകളും നോക്കി വയ്‌ക്കും. സാധാരണ വീടുകളാണു ലക്ഷ്യമിടുന്നത്‌. അംഗങ്ങള്‍ കുറവുള്ളതും പുറകുവശത്തെ വാതില്‍ ദുര്‍ബലമായതുമായ വീടുകളും മോഷണത്തിനായി തെരഞ്ഞെടുക്കും. അടുത്തുള്ള വലിയ വീടുകള്‍ ലക്ഷ്യംവയ്‌ക്കില്ല. വളരെ നിര്‍ഭയരായാണു സംഘം വരുന്നത്‌.

രണ്ടുപേരുടെ സംഘങ്ങളായി തിരിഞ്ഞാണു മോഷണം. സിസിടിവി ക്യാമറകള്‍ സംഘം കാര്യമാക്കാറില്ല. അമിത ആത്മവിശ്വാസത്തിലാണു പ്രവര്‍ത്തനം. ഇതെല്ലാം നോക്കുമ്പോള്‍ ആലപ്പുഴയില്‍ മോഷണങ്ങള്‍ നടത്തുന്നത്‌ കുറുവാസംഘമാണെന്നാണു കരുതുന്നതെന്ന്‌ ഡിവൈ.എസ്‌.പി. പറഞ്ഞു. കുറുവകള്‍ കൂട്ടമായി വന്ന്‌ സംഘങ്ങളായി തിരിയും. പ്രശ്‌നമുണ്ടായാല്‍ നാട്ടിലേക്കു തിരിച്ച പോകാന്‍ റെയില്‍വേ സ്‌റ്റേഷനടുത്തായാണു സാധാരണ താമസിക്കുന്നതെന്നും പോലീസ്‌ അറിയിച്ചു.കഴിഞ്ഞ 14 ന്‌ പുന്നപ്രയിലാണ്‌ ഏറ്റവുമൊടുവില്‍ കുറുവാസംഘത്തിന്റെ മോഷണം നടന്നത്‌. തൂക്കുകുളം മകയിരം വീട്ടില്‍ മനോഹരന്റെ മകള്‍ നീതുവിന്റെ ഒന്നരപ്പവന്‍ മാലയും മൂന്നുമാസം പ്രായമായ രാംമാധവിന്റെ അരപ്പവന്‍ മാലയുമാണു കവര്‍ന്നത്‌.

13 ന്‌ കോമളപുരത്ത്‌ രണ്ടു വീടുകളില്‍ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മമാരുടെ സ്വര്‍ണമാല അപഹരിച്ചു. ഏഴിന്‌ ചേര്‍ത്തല നഗരത്തില്‍ പലയിടങ്ങളിലും മോഷണശ്രമം നടന്നിരുന്നു.



By admin