കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സമവായത്തിനു മുസ്ലിം ലീഗിന്റെ ചടുലനീക്കം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തിയ ലീഗ് സംസ്ഥാനാധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉള്‍പ്പെടെ സഭാനേതൃത്വവുമായി ചര്‍ച്ചനടത്തി. മുനമ്പം സമരസമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രശ്‌നപരിഹാരത്തിന് എത്രയും വേഗം സാധ്യമാകുന്ന കാര്യങ്ങളാണു ചര്‍ച്ചചെയ്തതെന്നു സാദിഖലി തങ്ങള്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ പരസ്പരം പങ്കുവച്ചു. കാലതാമസമില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരാണു മുന്‍കൈയെടുക്കേണ്ടത്. വൈകുന്തോറും സങ്കീര്‍ണത വര്‍ധിക്കുകയാണ്. എല്ലാ കക്ഷികളെയും വിളിച്ച് ചര്‍ച്ചനടത്തി പരിഹാരമുണ്ടാക്കണമെന്ന ആവശ്യം കൂടിയാലോചനയില്‍ ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയ്ക്കു വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നു ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. എല്ലാവരും ഒപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിക്കാമെന്ന ശുഭാപ്തിവിശ്വാസമുണ്ട്. മതമൈത്രി നിലനില്‍ക്കണം. മുനമ്പത്തേത് അറുനൂറിലേറെ കുടുംബങ്ങള്‍ നേരിടുന്ന മാനുഷികപ്രശ്‌നമാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചില സാങ്കേതികപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണു സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഫാറൂഖ് കോളജ് കമ്മിറ്റിയുടെയും മുസ്ലിം സംഘടനകളുടെയും യോഗം ലീഗ് വിളിച്ചുചേര്‍ത്തിരുന്നു. വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ സര്‍ക്കാരുമായി സംസാരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ആര്‍ച്ച് ബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ, ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എല്‍.സി.എ. പ്രസിഡന്റ് ഷെറി ജെ. തോമസ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കപ്പറമ്പില്‍, മുനമ്പം ഭൂസംരക്ഷണസമിതി നേതാക്കളായ ഫാ. ആന്റണി സേവ്യര്‍ തറയില്‍, സെബാസ്റ്റിയന്‍ റോക്കി, ജോസഫ് ബെന്നി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.