യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും മോദിക്കൊപ്പം ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രശംസിച്ചു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള വലതുപക്ഷ നേതാക്കളെ പിന്തുണച്ച് രംഗത്ത്. ഇടത്- ലിബറല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മെലോണി ഉയര്‍ത്തിയത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും മോദിക്കൊപ്പം ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രശംസിച്ചു. അമേരിക്കയിലെ വാഷിംഗ്ടണിൽ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു മെലോണി.
വലതുപക്ഷ നേതാക്കളുടെ ഉയര്‍ച്ചയില്‍, പ്രത്യേകിച്ച് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങി എത്തിയതിന് ശേഷം ലിബറലുകള്‍ കടുത്ത നിരാശയിലാണ്. തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്‍റണും ടോണി ബ്ലെയറും ആഗോള ഇടത്- ലിബറല്‍ ശൃംഖല സൃഷ്ടിച്ചപ്പോള്‍ അവരെ രാഷ്ട്രതന്ത്രജ്ഞര്‍ എന്നാണ് വിളിച്ചിരുന്നത്. എന്നിലിപ്പോൾ ട്രംപും മെലോണിയും ഹാവിയര്‍ മിലേയും നരേന്ദ്ര മോദിയും സംസാരിക്കുമ്പോൾ അവരെ ജനാധിപത്യത്തിന് തന്നെ ഭീഷണിയെന്നാണ് വിളിക്കുന്നത്.
ഇടതുപക്ഷത്തിന്‍റെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നതെന്ന് ജോര്‍ജിയ മെലോണി പറഞ്ഞു. പക്ഷേ ജനങ്ങള്‍ അവരുടെ നുണകളെ വിശ്വസിക്കുന്നതേയില്ല. പലരും ചെളിവാരിയെറിഞ്ഞിട്ടും ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നു. ബാഹ്യ സമ്മര്‍ദ്ദങ്ങൾ ഒരുപാട് വന്നെങ്കിലും ആഗോള യാഥാസ്ഥിതികരുമായി ചേര്‍ന്നുനില്‍ക്കുന്ന ശക്തനായ നേതാവാണ് ട്രംപ്. യാഥാസ്ഥികര്‍ വിജയിക്കുന്നത് മാത്രമല്ല, യാഥാസ്ഥിതികര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും ഇടതുപക്ഷത്തെ പരിഭ്രാന്തിയിലാക്കുന്നുവെന്നും ട്രംപിന്റെ വിജയത്തോടെ ഇത് കൂടിയിട്ടുണ്ടെന്നും ജോര്‍ജിയ മെലോണി പറഞ്ഞു.