
ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടിക്ക് വിജയം. ഇതോടെ പ്രധാനമന്ത്രിയായി കാര്‍ണി തന്നെ തിരിച്ചെത്തുമെന്ന് ഉറപ്പാക്കി. അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധം ‘പുനര്‍നിര്‍മ്മിക്കുമെന്ന്’ മാര്‍ക്ക് കാര്‍ണി നേരത്തേ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടി വിജയിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിടിച്ചെടുക്കല്‍ ഭീഷണികള്‍ പ്രകോപിപ്പിച്ച ദേശീയവാദ വികാരത്തിന്റെ അലയൊലികള്‍ക്കിടയില്‍ ആയിരുന്നു തെരഞ്ഞെടുപ്പ്. നിലവിലുളള പാര്‍ലമെന്റ് പിരിച്ചുവിടാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കാര്‍ണി തന്നെയാണ് കാനഡ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലീവ്രെ 2,000-ത്തിലധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. കാനഡ ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ തിരഞ്ഞെടുത്തു എന്നാണ് പരാജയത്തിന് പിന്നാലെ പൊയിലീവ്രെ പ്രതികരിച്ചത്.
കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി മാറണമെന്ന് ട്രംപ് നിര്‍ദ്ദേശിക്കുന്നതുവരെ പ്രധാനമന്ത്രി കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറലുകള്‍ക്ക് കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ ട്രംപിന്റെ വാക്കുകള്‍ കനേഡിയന്‍മാരെ ചൊടിപ്പിക്കുകയും ലിബറലുകള്‍ക്ക് ദേശീയതയില്‍ ഒരു കുതിച്ചുചാട്ടത്തിന് കാരണമാവുകയും ചെയ്തു, ഇത് ലിബറലുകള്‍ക്ക് തുടര്‍ച്ചയായി നാലാം തവണയും അധികാരത്തില്‍ വിജയിക്കാന്‍ സഹായിച്ചു. ‘ഞങ്ങള്‍ ഡിസംബറില്‍ മരിച്ചു കുഴിച്ചിടപ്പെട്ടു. ഇപ്പോള്‍ ഞങ്ങള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നു,’ മുന്‍ ലിബറല്‍ നീതി മന്ത്രി ഡേവിഡ് ലാമെറ്റി പ്രക്ഷേപകനായ സിടിവിയോട് പറഞ്ഞു.
ട്രംപ് തീരുവകളും പിടിച്ചെടുക്കല്‍ ഭീഷണികളും കാരണം സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള ബന്ധത്തിനായി രാജ്യം വൈവിധ്യവത്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഡൊണാള്‍ഡ് ട്രംപിനെതിരെ മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. അമേരിക്കയുമായുളള വ്യാപാര യുദ്ധത്തില്‍ നമ്മള്‍ വിജയിക്കും. വരാന്‍ പോകുന്ന കുറച്ച് ദിവസങ്ങളും മാസങ്ങളും കനേഡിയന്‍ ജനതയ്ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ചില ത്യാഗങ്ങള്‍ ആവശ്യമായി വരുമെന്നും പറഞ്ഞു.