തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടില്ലെങ്കിലും ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് വില കൂടും. ആകെ 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ധിക്കുക. അതേസമയം 107 ബ്രാന്‍ഡുകളുടെ വില കുറയും. മദ്യവിതരണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്‌ക്കോ വിലയില്‍ മാറ്റം വരുത്തിയത്.
ചില ബ്രാന്‍ഡുകള്‍ക്ക് 10 ശതമാനം വര്‍ധനയുണ്ടാകും. ആയിരം രൂപ വരെയുള്ള മദ്യത്തിന് 10 രൂപ മുതല്‍ 50 വരെയാണ് വര്‍ധന. പ്രീമിയം മദ്യത്തിന് 100 മുതല്‍ 130 രൂപ വരെയാണ് വര്‍ധിപ്പിക്കുന്നത്. ജവാന് 10 രൂപ കൂട്ടിയിട്ടുണ്ട്. ബിയറിനും വില കൂടുമെന്നാണ് അറിയിപ്പ്.
15 മാസത്തിന് ശേഷമാണ് മദ്യത്തിന് വില കൂടുന്നത്. ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. കമ്പനികള്‍ ഓരോ വര്‍ഷവും വിലവര്‍ധന ആവശ്യപ്പെടാറുണ്ട്. സ്പിരിറ്റ് വിലവര്‍ധനയും ആധുനികവത്കരണവും പരിഗണിച്ച് മദ്യവില്‍പ്പന വര്‍ധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യം ബെവ്‌കോ ബോര്‍ഡ് യോഗം അംഗീകരിക്കുകയായിരുന്നു.