പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ അറിയിക്കണമെന്നാണു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസ്.
rep. image
കൊച്ചി: കേരളത്തില്‍നിന്നു തിരുനെല്‍വേലിയില്‍ വിവിധയിടങ്ങളില്‍ മെഡിക്കല്‍ മാലിന്യം തള്ളിയ സംഭവത്തില്‍ സ്‌ഥാപനങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്. പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ അറിയിക്കണമെന്നാണു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസ്.
ഈ വിഷയത്തില്‍ സ്വീകരിച്ച വിശദ റിപ്പോര്‍ട്ട് ഇന്നലെ ദേശീയ ഹരിത ട്രിബ്യൂണലില്‍ (എന്‍.ജി.ടി.) സംസ്‌ഥാന തദ്ദേശസ്വയം ഭരണവകുപ്പ് സമര്‍പ്പിച്ചു. കഴിഞ്ഞ 19 മുതല്‍ മാലിന്യം തിരിച്ചുകൊണ്ടു വരുന്ന ജോലികള്‍ നടന്നുവരികയാണ്. ഇന്നലെയോടെ മാലിന്യം മുഴുവനും തിരിച്ചെത്തിച്ചു. ഭാവിയില്‍ മാലിന്യം കൊണ്ടുവന്നു തള്ളാതിരിക്കാന്‍ തുടര്‍ച്ചയായി മോണിട്ടര്‍ ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു ദിവസത്തിനകം മാലിന്യം നീക്കം ചെയ്ണമെന്നു കഴിഞ്ഞ 18 നു എന്‍.ജി.ടി. ചെന്നൈ ബഞ്ച് കേരള സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ന്നാണു അടിയന്തര നടപടി സ്വീകരിച്ചത്. റീജണല്‍ കാന്‍സര്‍ സെന്ററിലെയും (ആര്‍.സി.സി.) ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും ലീല ഹോട്ടലിലെയും മാലിന്യമാണു തള്ളിയത്. രണ്ട് ആശുപത്രികളും ഐ.എം.എയുടെ സ്‌ഥാപനമായ പാലക്കാട്ടെ ഇമേജിനാണു ബയോ മെഡിക്കല്‍ മാലിന്യം നല്‍കുന്നത്. പ്ലാസ്‌റ്റിക് ഉള്‍പ്പെടെയുള്ള ആര്‍.സി.സിയിലെ മാലിന്യം നീക്കം ചെയ്യാന്‍ സണ്‍ ഏജ് കമ്പനിക്കാണു കരാര്‍. ക്രെഡന്‍സില്‍ നിന്നു മാലിന്യ ശേഖരിക്കുന്നതു യൂസ് എഗെയ്‌നാണ്. രണ്ടു സ്‌ഥാപനങ്ങള്‍ക്കും പി.സി.ബിയുടെയും ശുചിത്വ മിഷന്റെയും കോര്‍പറേഷന്റെയും അനുമതി ഉണ്ട്.
സണ്‍ ഏജ് കമ്പനിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാടും സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും തമ്മില്‍ ചര്‍ച്ച നടത്തി ഇക്കാര്യങ്ങളില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുത്തമല്ലി പോലീസാണു അതില്‍ മൂന്നു കേസുകളെടുത്തത്. ഏഴു സ്‌ഥലങ്ങളിലാണു മാലിന്യം തള്ളിയതായി കണ്ടെത്തിയിരിക്കുന്നത്. ക്ലീന്‍ കേരള കമ്പനി, കോഴിക്കോട്ടെ ഗ്രീന്‍ വേംസ് എക്കോ സൊല്യൂഷന്‍സ്, സണ്‍ ഏജ് എക്കോ സിസ്‌റ്റം എന്നീ കമ്പനികളെയാണ് അജൈവ മാലിന്യം ശേഖരിച്ചു കൈമാറാന്‍ കോര്‍പറേഷന്‍ നിയോഗിച്ചിട്ടുള്ളത്.
ജെബി പോള്‍