കണ്ണൂര്‍: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.വി. ജയരാജന്‍ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. 10 പുതുമുഖങ്ങള്‍ ജില്ലാക്കമ്മറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തളിപ്പറമ്പില്‍ നടക്കുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വോളണ്ടിയര്‍ മാര്‍ച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രത്യേക ക്ഷണിതാവായിരുന്ന എം.വി. നികേഷ്‌കുമാറിനെ പുതിയ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അനുശ്രീ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, പി ഗോവിന്ദന്‍, കെപിവി പ്രീത, എന്‍ അനില്‍കുമാര്‍ എന്നിവരും ജില്ലാകമ്മറ്റിയില്‍ എത്തിയിട്ടുണ്ട്.
അതേസമയം മുന്‍ എംഎല്‍എയും മുന്‍ സംസ്ഥാനകമ്മറ്റിയംഗവുമായിരുന്ന ജയിംസ് മാത്യുവിനെ ജില്ലാക്കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2019-ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്തായിരുന്നു എം വി ജയരാജനെ താല്‍ക്കാലിക ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിന്നീട് എം വി ജയരാജന്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എം വി ജയരാജന്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ കുറച്ച് നാള്‍ സെക്രട്ടറി പദവിയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ കണ്ണൂരില്‍ സുധാകരനോട് പരാജയപ്പെട്ടതോടെ എം വി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങി വരികയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളില്‍ എം വി ജയരാജന്‍ ഒഴിഞ്ഞാല്‍ പകരം ടി വി രാജേഷോ കെ കെ രാഗേഷോ വന്നേക്കുമെന്നും കേട്ടിരുന്നു. എന്നാല്‍ നേതൃതലത്തില്‍ നടന്ന അവസാനവട്ട കൂടിക്കാഴ്ചകളില്‍ എം വി ജയരാജന്‍ തുടരട്ടെ എന്ന ധാരണ ഉണ്ടാക്കുകയായിരുന്നു.