
കൊച്ചി/മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിയായ ഷംനാദ് ഇല്ലിക്കലിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചി എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി.
കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയപ്പോഴാണ് ഷംനാദിനെ എന്‍.ഐ.എ. സംഘം പിടികൂടിയത്. പ്രതിയെക്കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷംനാദിനെ എന്‍.ഐ.എയുടെ അബ്‌സ്‌കണ്ടര്‍ ട്രാക്കിങ് ടീമിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവിലാണ് പിടികൂടാനായത്.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) സംരക്ഷണയിലായിരുന്ന പ്രതി മൂന്നു വര്‍ഷമായി ഒളിവിലായിരുന്നു. 2022 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍.ഐ.എ. നടത്തിയ അന്വേഷണത്തില്‍, വര്‍ഗീയ ഭിന്നത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി.എഫ്.ഐ. നേതാക്കളും കേഡര്‍മാരും ചേര്‍ന്നു കൊലപാതക ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നു.
കേസില്‍ എന്‍.ഐ.എ ഇതുവരെ 63 പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ പതിനാറിനാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളില്‍ ശ്രീനിവാസന്‍ വധത്തെ പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
അതിനിടെ, മഞ്ചേരിയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ. പരിശോധന നടത്തി നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇര്‍ഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശേരി, ഷിഹാബുദ്ദീന്‍ ചെങ്ങര എന്നിവരെയാണ് ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായി ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു എന്‍.ഐ.എ. സംഘം ഇവരുടെ വീടുകളിലെത്തിയത്. പോലീസിനെ അറിയിക്കാതെ, വ്യത്യസ്ത സംഘങ്ങളായിട്ടായിരുന്നു എന്‍.ഐ.എയുടെ പരിശോധന.
2019ല്‍ മഞ്ചേരി പയîനാട് സ്വദേശിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ അര്‍ജുനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഷംനാദിന്റെ വീട്ടിലും എന്‍.ഐ.എ. സംഘമെത്തി. എന്നാല്‍, ഷംനാദ് വീട്ടിലുണ്ടായിരുന്നില്ല.