• Sat. Mar 15th, 2025

24×7 Live News

Apdin News

major-drug-bust-kunnamangalam-police-apprehend-tanzanian-nationals | രാസലഹരി വില്‍പ്പന: ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബില്‍ എത്തി പിടികൂടി കേരള പോലീസ്

Byadmin

Mar 15, 2025


drug,bust, kunnamangalam, police. tanzanian, nationals

കോഴിക്കോട്: രാസലഹരി വില്‍പ്പന നടത്തുന്ന ടാന്‍സാനിയ പൗരന്‍മാരായ രണ്ടു പേരെ പഞ്ചാബിലെത്തി പിടികൂടി കുന്നമംഗലം പോലീസ്. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പോലീസ് പിടികൂടിയത്. ഇവരെ വൈകിട്ടോടെ വിമാന മാര്‍ഗം കോഴിക്കോടെത്തിച്ചു. ടാന്‍സാനിയയിലെ ജഡ്ജിയുടെ മകനാണ് ഡേവിഡ് എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ രാസലഹരി വസ്തുക്കളുടെ വില്‍പ്പനക്കാരില്‍ പ്രധാനിയാണെന്നാണ് കരുതുന്നത്.

ഒരു കോടി രൂപയുടെ ഇടപാടുകളാണ് അടുത്തിടെ ഡേവിഡിന്റെ അക്കൗണ്ടിലൂടെ നടന്നതെന്ന് പോലീസ് പറഞ്ഞു. അത്കയുടെ അക്കൗണ്ടില്‍ 36 ലക്ഷത്തിന്റെ ഇടപാടും നടന്നിട്ടുണ്ട്. ഡേവിഡ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും അത്ക ബിബിഎ വിദ്യാര്‍ഥിയുമാണ്. ഇരുവരും ഒരുമിച്ച് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ജനുവരി 21ന് കുന്നമംഗലം പൊലീസ് റജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസില്‍ അറസ്റ്റിലായ കാസര്‍കോട് മഞ്ചേശ്വരം ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമില്‍ (27), കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂര്‍ ശിവഗംഗയില്‍ അഭിനവ് (24) എന്നിവരില്‍നിന്നു ലഭിച്ച സൂചനയെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.

ഇവരെ തെളിവെടുപ്പിനായി ബെംഗളൂരുവില്‍ കൊണ്ടുപോകുകയും കൂട്ടുപ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരുവില്‍ വച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളുടെ പ്രവര്‍ത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതില്‍നിന്നു വലിയ തുക ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തി. ആ പണം അത്ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയില്‍ വച്ചാണ് പിന്‍വലിച്ചത് എന്നും കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ലൊക്കേഷന്‍ പഞ്ചാബിലെ പഗ്വാരയില്‍ ആണെന്ന് പോലീസ് മനസ്സിലാക്കി. അന്വേഷണ സംഘം പഗ്വാരയില്‍ എത്തി കോളജിന്റെ സമീപത്തുള്ള വീട്ടില്‍നിന്നു പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.



By admin