ഫോർട്ട് കൊച്ചി വെളിയിലെ സെന്റ് ജോസഫ് വെഫ്സ് ഹോമിൽ വെച്ചാണ് വീൽചെയർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്..

എറണാകുളം: എറണാകുളം ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകൾ എത്തിച്ച് നടൻ മമ്മൂട്ടി. സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കായി വീൽചെയറുകൾവിതരണം ചെയ്യുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി, എറണാകുളം ജില്ലാതല വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനം ഫോർട്ട് കൊച്ചിയിൽ നടന്നു. ഫോർട്ട് കൊച്ചി വെളിയിലെ സെന്റ് ജോസഫ് വെഫ്സ് ഹോമിൽ വെച്ചാണ് വീൽചെയർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്..
കെയർ ആൻഡ് ഷെയറിന്റെ വീൽചെയർ വിതരണ ചടങ്ങ്, എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ പി രാജകുമാർ ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി രാജ്‌കുമാർ പറഞ്ഞു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുനിർത്തുന്ന അദ്ദേഹത്തിന്റെ മനസ്സ് എല്ലാവർക്കും ഒരു മാതൃകയാണ്. അദ്ദേഹം വഴി ജീവിതപാതയിലേക്ക് തിരിച്ചുവന്ന നിരവധി പേരെ തനിക്ക് നേരിട്ട് അറിയാം. തുടർന്നും മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള പദ്ധതികളിൽ പങ്കാളിയാകുന്നത് തനിക്ക് അഭിമാനകരമാണെന്നും അസിസ്റ്റന്റ് കമ്മീഷണർ പി രാജ്‌കുമാർ പറഞ്ഞു.
കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു.കേരളാ ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ പി കെ അബ്ദുൽ റഹിം, രാജഗിരി ആശുപത്രി ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ ജോസ് പോൾ, ഡോ അമൃത ടി എസ്, വെൽഫയർ അസോസിയേഷൻ ട്രസ്റ്റ് ആലുവ അഡ്മിനിസ്റ്ററേറ്റർ ശ്രീമതി ഷമീല ജമൽ, സെന്റ് ജോസഫ് വെഫ്‌സ് ഹോം മാനേജർ സിസ്റ്റർ അഗസ്റ്റ സീസർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്ഥാപനമേധാവികൾ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ രാജകുമാറിൽ നിന്നും വീൽചെയറുകൾ ഏറ്റുവാങ്ങി.