ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. ഡല്‍ഹി ജന്‍പതിലെ വസതിയില്‍ എത്തിച്ച ഭൗതീകശരീരം മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം നടത്തുക. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനം ഉണ്ടാകും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരില്‍ പലരും ഇവിടെ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനിച്ചു വെച്ചിട്ടുള്ള ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കേരളസര്‍ക്കാരും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ പാടില്ലയെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയില്‍ മന്‍മോഹന്‍ സിംഗിന് അന്തിമോപചാരം അര്‍പ്പിക്കും. കോണ്‍ഗ്രസിന്റെ ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.
ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.