ന്യൂഡല്‍ഹ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിന് സ്ഥലം നല്‍കുമെന്നും ട്രസ്റ്റ് രൂപീകരിച്ചശേഷം അതിന് വസ്തു കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍. അനാവശ്യമായി ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ വിവാദമെന്നും സ്മാരകങ്ങള്‍ക്ക് സ്ഥലം നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്മാരകം നിര്‍മ്മിക്കുന്നതിനായി സ്ഥലം നല്‍കണമെന്ന് നേരത്തേ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
സ്മാരകത്തിന് സ്ഥലം വിട്ടു നല്‍കാത്തതില്‍ വിവാദം ഉടലെടുത്തതോടെയാണ് മറുപടിയുമായി കേന്ദ്രം വന്നത്. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ മന്‍മോഹന്‍ സിംഗിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇന്ന് 11.45 നാണ് മന്‍മോഹന്‍സിംഗിന് രാജ്യം വിട നല്‍കുന്നത്. പൂര്‍ണ്ണ ബഹുമതികളോടെ യമുനാതീരത്ത് സംസ്‌ക്കാരം നടത്തു. അതിന് മുമ്പായി രാവിലെ എട്ടു മണിയോടെ എഐസിസി ആസ്ഥാനത്ത് ഭൗതീകശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും.
സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇക്കാര്യം മന്‍മോഹന്‍സിംഗിന്റെ കുടുംബത്തെയും കേന്ദ്രം അറിയിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിക്കും കാരണമായിരുന്നു. നേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള പ്രത്യേക ഇടത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.