തീ അണക്കാനുള്ള ശ്രമം തുടരുന്നു.
പ്രയാഗ്‌രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ തീപിടിത്തം. സെക്ടർ 19ൽ ശാസ്ത്രി ബ്രിഡ്ജിന് അടുത്താണ് തീപിടിത്തം. ടെന്റുകള്‍ കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുന്നു. പൊലീസും അഗ്നിശമന സേനാ വിഭാഗങ്ങളും സംഭവത്തില്‍ അതിവേഗം ഇടപെടുകയും തീയണക്കാനുള്ള ശ്രമം വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ സജ്ജീകരിച്ചിരുന്ന താത്കാലിക ടെന്റുകളില്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഉണങ്ങിയതും കത്തുന്നതുമായ വസ്തുക്കള്‍ ടെന്റുകളില്‍ ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. നിരവധി ടെന്റുകളും സാധനങ്ങളും നശിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് ക്യാമ്പുകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചതിന് ശേഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. . തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
തീ പൂര്‍ണമായും അണച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്ത് ടെന്‍റുകളാണ് കത്തിനശിച്ചത്. സെക്ടർ 19ൽ ഗീത പ്രസിന്‍റെ ടെന്‍റിൽ ആണ് തീ ഉയർന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീപിടുത്തം ഉണ്ടായ സ്ഥലത്തെത്തി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അന്വേഷണം നടത്തും എന്ന് എഡിജിപി വ്യക്തമാക്കി.