
ദില്ലി: രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 27.4 കോടി രൂപയുടെ മെത്താഫിറ്റമിനും കൊക്കെയ്‌നും എംഡിഎംഎയും പിടിച്ചെടുത്തു. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ നാലു പേര്‍ നൈജീരിയന്‍ സ്വദേശികളാണ്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ദില്ലി പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഛത്തര്‍പൂരില്‍ നിന്നും സംഘം പിടിയിലായത്.
അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും 10 കോടി രൂപയില്‍ അധികം വില വരുന്ന മെത്താഫിറ്റമിനും കണ്ടെടുത്തു. തുടര്‍ന്ന് മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റല്‍ മെത്തഫെറ്റമിനും ഹെറോയിനും അടക്കം രാസലഹരികള്‍ പിടികൂടിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി വിസയില്‍ ഇന്ത്യയില്‍ എത്തുന്ന ആഫ്രിക്കന്‍ യുവാക്കള്‍ ഇത്തരം സംഘങ്ങളുമായി ചേര്‍ന്ന് ലഹരി കച്ചവടത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തി. സംഘത്തിന് ലഹരി എവിടെ നിന്ന് ലഭിച്ചു എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.