
തിരുവനന്തപുരം; കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധത്തില്‍ അവതരിപ്പിക്കപ്പെട്ട ദ കേരള സ്‌റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും.
മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചില ഭാഗങ്ങളില്‍ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും.
ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ങ്ങള്‍ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തില്‍ 17 ലേറെ ഭാഗങ്ങളില്‍ മാറ്റം വരും. കലാപത്തിന്റ കൂടുതല്‍ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങള്‍ എന്നിവയിലും മാറ്റം വരും.