ഐ.എ.എസുകാരെക്കാള്‍ ശമ്പളം നല്‍കിയിട്ടും കെ.എ.എസുകാരുടെ പ്രവര്‍ത്തനം മെച്ചമല്ലെന്നാണു സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട്. ഇതോടെ മുഖ്യമന്ത്രിയും കെ.എ.എസുകാരെ കൈവിട്ട സ്‌ഥിതിയാണ്

കൊച്ചി: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്.) നിര്‍ജീവമാക്കാനുള്ള നീക്കം ശക്‌തമായി. കെ.എ.എസിന്റെ പുതിയ വിജ്‌ഞാപനം കഴിഞ്ഞദിവസം പി.എസ്.സി. അംഗീകരിച്ചെങ്കിലും ഒഴിവുകള്‍ ഇത്തവണ കുറവാണെന്നാണു വിവരം.
സര്‍ക്കാരിനും താല്‍പര്യം കുറഞ്ഞതോടെ ജീവനക്കാരുടെ സംഘടനകളും കെ.എ.എസിനെതിരേ രംഗത്തുണ്ട്. ഐ.എ.എസുകാരെക്കാള്‍ ശമ്പളം നല്‍കിയിട്ടും കെ.എ.എസുകാരുടെ പ്രവര്‍ത്തനം മെച്ചമല്ലെന്നാണു സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട്. ഇതോടെ മുഖ്യമന്ത്രിയും കെ.എ.എസുകാരെ കൈവിട്ട സ്‌ഥിതിയാണ്. സാമ്പത്തിക ബുന്ധിമുട്ടും സര്‍ക്കാരിനെ കുഴയ്‌ക്കുന്നു.
ആദ്യ ബാച്ചിലെ ചിലര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വിവിധ വകുപ്പുകളില്‍ കെ.എ.എസുകാരെ നിയമിച്ചത് അവിടെ നിലവിലുള്ള സമ്പ്രദായങ്ങള്‍ അതുപോലെ തുടരാനല്ലെന്നും തിരുത്തേണ്ടതു തിരുത്താന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ വിമര്‍ശനം ആയുധമാക്കുകയാണു സര്‍വീസ് സംഘടനകള്‍. മാറ്റമുണ്ടായില്ലെങ്കില്‍ പിന്നെന്തിനാണു കെ.എ.എസ്. എന്നാണു സംഘടനകളുടെ ചോദ്യം.
വിവിധ പ്രക്രിയകളിലൂടെ തെരഞ്ഞെടുത്തു നിയമിച്ചിട്ടും പുരോഗനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെ.എ.എസുകാര്‍ക്കായിട്ടില്ല. ചുവപ്പുനാട പഴയതു പോലെ തുടരുന്നു. ഫയലുകളില്‍ കാലതാമസവും. ഐ.എ.എസുകാരുടെ തസ്‌തികളില്‍ തങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ടു അടുത്തിടെ കെ.എ.എസുകാര്‍ ചീഫ് സെക്രട്ടറിയ്‌ക്കു നിവേദനം നല്‍കിയിതരുന്നു. 104 കെ.എ.എസ്. ഉദ്യോഗസ്‌ഥരാണു സംസ്‌ഥാനത്തുള്ളത്. ഇവരെ നിയമിക്കാന്‍ പ്രധാന തസ്‌തിതകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അപ്രധാന തസ്‌തിതകകളില്‍ നിയമിച്ചതില്‍ അതൃപ്‌തിയുണ്ട്.
പരിചയസമ്പത്തു കുറവായ കെ.എ.എസുകാരെ പ്രധാന തസ്‌തികയില്‍ നിയമിക്കാന്‍ സര്‍ക്കാരിനും ഉറപ്പുപോര. ഒന്നരവര്‍ഷത്തിലേറെ പരിശീലനം നല്‍കി നിയമിച്ച കെ.എ.എസുകാര്‍ക്കു വേണ്ടത്ര മികവുപുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. നേരിട്ടു നിയമനം നേടിയവര്‍ക്കു സ്വന്തമായി തീരുമാനമെടുത്തു നടപ്പാക്കാന്‍ കഴിയുന്നില്ല. കെ.എസ്.ആര്‍.ടി.സിയില്‍ എക്‌സിക്യൂട്ടീവ് തസ്‌തിക നിര്‍ത്തലാക്കി പകരം നാലു കെ.എ.എസുകാരെ നിയമിച്ചെങ്കിലും മോശം പ്രകടനംകാരണം അടുത്തിടെ തിരിച്ചയക്കുകയായിരുന്നു.
ജെബി പോള്‍