
കൊൽക്കത്ത: മുർഷിദാബാദ് ജില്ലയിലെ ബാറ്റ്ബോണ ഗ്രാമം . വീടുകൾ തകർത്തും തീവെച്ചും കൊള്ളയടിച്ചും മനുഷ്യവേട്ട നടത്തിയും അക്രമികൾ അഴിഞ്ഞാടിയ പ്രദേശം. ഗവർണര്‍ സി.വി. ആനന്ദബോസ് സന്ദര്‍ശന വാർത്തയറിഞ്ഞ് വൻ ജനക്കൂട്ടം കാത്തുനിന്നു- നിഷ്ക്രിയമായി നോക്കിനിന്ന സർക്കാരിനോടുള്ള പ്രതിഷേധവും പാവപ്പെട്ട ഗ്രാമീണർ അനുഭവിക്കുന്ന ദുഃഖദുരിതങ്ങളുടെ ആവലാതിയുമായി.
ജാഫ്രാബാദിലേക്കുള്ള യാത്രയ്ക്കിടയിൽ ഗവർണറുടെ വാഹനവ്യൂഹം കടന്നുപോയപ്പോൾ ജനക്കൂട്ടത്തിന്റെ നിരാശ പ്രതിഷേധസ്വരത്താൽ പ്രക്ഷുബ്ധമായി.
അതുകണ്ട ഗവർണർ സിവി ആനന്ദബോസ് വാഹനവ്യൂഹം പുറകോട്ടെടുക്കാൻ നിർദേശം നൽകി. ഗവർണർ പുറത്തിറങ്ങിയപ്പോൾ രോഷാകുലരായ ജനക്കൂട്ടം മുദ്രാവാക്യം വിളികളോടെ ചുറ്റും കൂടി. ഒരു നിമിഷം അവർ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടുനിന്ന ‘രാജ്യപാൽ’ ബംഗാളിയിൽ ‘അമാർ ഭായ് ഒ ബുനേര’ എന്ന സംബോധനയോടെ ഉച്ചഭാഷിണിയിൽ അവരോട് സംസാരിച്ചു.
തന്റെ നിലപാടുകളും സ്വീകരിക്കാൻ പോകുന്ന നടപടികളും ബംഗാളിയിലും ഹിന്ദിയിലുമായി വിശദീകരിച്ചശേഷം അദ്ദേഹം അവരോട് ചോദിച്ചു: “നിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടോ?”
“വായു ..പുണ്യാ ഹോ പുണ്യാ ഹോ, രാജ്യപാൽ ജയ് ഹോ” എന്ന് ആർത്തുവിളിച്ച് അവർ ഒന്നോടെ കരഘോഷം മുഴക്കി. വാഹനവ്യൂഹം അടുത്ത ഗ്രാമത്തിലേക്ക് നീങ്ങുമ്പോഴും ജനക്കൂട്ടം പ്രത്യാശയോടെ കൈവീശി തങ്ങളുടെ ‘രാജ്യപാലി’ന് അഭിവാദ്യമർപ്പിക്കുകയായിരുന്നു.