ആറുപേജുള്ള പരാതി വിജിലന്‍സിനു നല്‍കിയെന്നാണ് ഗംഗാധരന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് വ്യക്തമാക്കിയതോടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചനയാണു സംശയിക്കപ്പെടുന്നത്

കൊച്ചി: നവീന്‍ ബാബുവിനെതിരേ റിട്ട. അധ്യാപകന്‍ ഗംഗാധരന്‍ കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റില്‍ പരാതി നല്‍കിയെന്ന വെളിപ്പെടുത്തല്‍ കളവാണെന്നു തെളിയിക്കുന്ന വിവരാവകാശരേഖയും പുറത്ത്. അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തില്‍ അഴിമതിയാരോപണം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്ന കുടുംബത്തിന്റെ പരാതി നിലനില്‍ക്കെയാണ് ഇക്കാര്യവും പുറത്തുവരുന്നത്.
മണ്ണുനീക്കത്തിനെതിരായ സ്‌റ്റോപ്പ് മെമ്മോ ഫയല്‍ സംബന്ധിച്ച് നീതി കിട്ടാത്തതിന് ആറുപേജുള്ള പരാതി കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റില്‍ നല്‍കിയെന്നായിരുന്നു ഗംഗാധരന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കുടുംബം ഉന്നയിക്കുന്ന ഗൂഢാലോചനാ ആരോപണം ശരിവയ്ക്കുന്ന വിവരങ്ങളാണ് കണ്ണൂര്‍ ജില്ലാ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ യൂണിറ്റ് പുറത്തുവിടുന്നത്.
നവീന്‍ ബാബുവിനെതിരേ പൊതുജനങ്ങളില്‍നിന്നു പരാതി ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങിനു നല്‍കിയ വിവരാവകാശ മറുപടിയില്‍ വിജിലന്‍സ് വ്യക്തമാക്കുന്നത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ജില്ലാക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും ഇതുസംബന്ധിച്ച് ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പരാമര്‍ശിച്ചിരുന്നു. ഇതില്‍ വ്യക്തത തേടി മാധ്യമപ്രവര്‍ത്തകര്‍ ഗംഗാധരനെ സമീപിച്ചിരുന്നു. സ്ഥലത്തെ മണ്ണു നീക്കുന്നതിനെതിരായ സ്‌റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ടാണ് എ.ഡി.എമ്മിനെ കണ്ടതെന്നും അദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടില്ലെന്നും എന്നാല്‍ ഫയല്‍ സംബന്ധിച്ച കാര്യത്തില്‍ നീതി കാട്ടിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
2024 സെപ്റ്റംബര്‍ നാലിന് ആറുപേജുള്ള പരാതി വിജിലന്‍സിനു നല്‍കിയെന്നും ഇതോടൊപ്പം ഗംഗാധരന്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് വ്യക്തമാക്കുന്നതോടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചനയാണു സംശയിക്കപ്പെടുന്നത്. നവീന്‍ ബാബുവിനെതിരേ പൊതുജനങ്ങളില്‍ നിന്ന് നേരിട്ടോ സര്‍ക്കാര്‍ മുഖാന്തിരമോ യാതൊരു പരാതിയും ലഭിച്ചതായി കാണുന്നില്ലെന്ന് നേരത്തെ റവന്യൂ വകുപ്പും വിജിലന്‍സ് ഡയറക്ടറേറ്റും വിവരാവകാശ മറുപടി നല്‍കിയിരുന്നു.