യാത്രയയപ്പ് ചടങ്ങിലെ വിഷയങ്ങള്‍ വകുപ്പുതല അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്ന റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് പുറത്ത്.

കൊച്ചി: കണ്ണൂരില്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ വിഷയങ്ങള്‍ വകുപ്പുതല അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്ന റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് പുറത്ത്.
നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നാലെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ ഗീതയെ വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ അരുണ്‍ കെ. വിജയനെതിരേ അച്ചടക്ക നടപടി ശിപാര്‍ശ ചെയ്‌തിരുന്നില്ല. ഇതിനെതിരേ അഭിഭാഷകനായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ചീഫ് സെക്രട്ടറിക്ക് അപ്പീല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപ്പീല്‍ അപേക്ഷയ്‌ക്ക് ലഭിച്ച മറുപടി കത്തിലാണ് റവന്യൂ വകുപ്പിന്റെ വിചിത്ര നിലപാട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലുണ്ടായ വ്യക്‌തിഹത്യയ്‌ക്ക് ജില്ലാ കലക്‌ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചകള്‍ വകുപ്പ് തല അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്നും യഥാര്‍ഥ വസ്‌തുതകളില്‍ വകുപ്പ് തല അന്വേഷണം നടന്നിട്ടില്ലെന്നുമുള്ള വിവരമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് ആവശ്യമായ നിരാക്ഷേപ പത്രം നല്‍കുന്നതില്‍ കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു കാലതാമസം വരുത്തിയോ, ഇതിനായി പ്രതിഫലം വാങ്ങിയോ എന്നീ വിഷയങ്ങള്‍ മാത്രമാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ പരിധിയില്‍ വന്നതെന്നാണ് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തില്‍ വ്യക്‌തമാക്കുന്നത്. ഇതില്‍ നിന്നും നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ഉണ്ടായ വിഷയങ്ങള്‍ വകുപ്പ് തല അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്‌തമാവുകയാണ്.
പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കുന്നതിനു നവീന്‍ ബാബു കാലതാമസം വരുത്തിയതായി കാണിച്ചോ, നിരാക്ഷേപ പത്രം അനുവദിക്കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ടതായോ യാതൊരു പരാതിയും നവീന്‍ ബാബുവിനെതിരേ ലഭിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ തന്നെ നേരത്തെ അഡ്വ. ജയ്‌സിങിനു വിവരാവകാശ മറുപടി നല്‍കിയിരുന്നു. നവീന്‍ ബാബുവിനെതിരേ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പും വിജിലന്‍സ് ഡയറക്‌ടറേറ്റും കണ്ണൂര്‍ കലക്‌ടറേറ്റും വിവരാവകാശ മറുപടിയില്‍ വ്യക്‌തമാക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനു ലഭിക്കാത്ത പരാതിയുടെ അടിസ്‌ഥാനത്തില്‍ വകുപ്പ്‌തല അന്വേഷണത്തിന് നിയമ സാധ്യതയില്ല.സര്‍ക്കാര്‍ ജീവനക്കാരനെതിരേയുള്ള വകുപ്പ് തല അന്വേഷണത്തിന് തെളിവുകളും ജീവനക്കാരന്റെ ഭാഗവും ആവശ്യമാണ്. പരാതി ഇല്ലാത്ത സാഹചര്യത്തില്‍ മരണപ്പെട്ടയാള്‍ക്കെതിരേ വകുപ്പ് തല അന്വേഷണം നിയമ വിരുദ്ധമാണെന്നു നിയമ വൃത്തങ്ങള്‍ ചുണ്ടിക്കാട്ടുന്നു.
രാജു പോള്‍