പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പിടിയില്‍. പോത്തുണ്ടി വനമേഖലയിലെ മാട്ടായിയില്‍ നിന്നാണ് ചെന്താമരയെ പോലീസ് പിടികൂടിയത്. പാലക്കാട്, തൃശൂര്‍ പ്രദേശങ്ങളില്‍ വ്യാപക തെരച്ചില്‍ നടക്കുന്നതിനിടെയാണ് പോത്തുണ്ടിയില്‍ നിന്നു തന്നെ ചെന്താമര പിടിയിലായത്.
അതിനിടെ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ച സംഭവത്തില്‍ എസ്.എച്ച്.ഒ: മഹേന്ദ്ര സിംഹന് സസ്പെന്ഷന്.
പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് പോലീസിന്റെ പിഴവായി. ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് ഇയാള്‍ ഡിസംബര്‍ മുതല്‍ ഇവിടെ താമസിച്ചത്. എന്നിട്ടും പോലീസ് അക്കാര്യം അറിഞ്ഞില്ല. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നാണ് എസ്.എച്ച്.ഒ വിശദീകരണം നല്‍കിയത്. കൊല്ലപ്പെട്ട സുധാകരനും മകളും പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
എന്തു ധൈര്യത്തില്‍ ഞങ്ങള്‍ ഇനി ഇവിടെ നില്‍ക്കുമെന്നാണ് വെട്ടേറ്റു മരിച്ച സുധാകരന്റെ മക്കള്‍ അഖിലയും അതുല്യയും ചോദിക്കുന്നത്. ” പോലീസ് സംരക്ഷിക്കുമെന്ന് ഒരു വിശ്വാസവുമില്ല. പോലീസ് ഞങ്ങളെ കേട്ടിരുന്നേല്‍, ഇന്ന് ഞങ്ങളുടെ അച്ഛന് കൂടെയുണ്ടാകുമായിരുന്നു.” ഞങ്ങള്‍ക്കിനി ആരാണുള്ളത് എന്ന ചോദ്യവും സമൂഹമനഃസാക്ഷിയുടെ ഉള്ളുലച്ച് അവര്‍ ചോദിക്കുന്നു.
അഖിലയുടെയും അതുല്യയുടെയും അമ്മ സജിതയെ കൊലപ്പെടുത്തി ജയിലില്‍പോയ പ്രതി ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 30നാണ് സജിത കൊല്ലപ്പെട്ടത്. ഇൗ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ.
ചെന്താമര കൊലവിളി നടത്തിയപ്പോള്‍ കഴിഞ്ഞ മാസം 29-ന് എസ്.ഐക്ക് പരാതി കൊടുത്തതാണെന്ന് അഖിലയും അതുല്യയും പറയുന്നു. നാട്ടുകാരും പരാതിപ്പെട്ടു. പക്ഷേ പോലീസ് ഒന്നും ചെയ്തില്ല. ഭീഷണിപ്പെടുത്തുന്നുണ്ടോ, എന്തെങ്കിലും ആംഗ്യം കാണിക്കുന്നുണ്ടോ എന്നൊക്കെയാണ് പോലീസ് ചോദിച്ചത്. അയാള്‍ ആരോടും മിണ്ടാതിരിക്കുന്നയാളാണ്. അങ്ങനെയുള്ളയാള്‍ ഭീഷണിപ്പെടുത്തിയോ എന്ന് ചോദിച്ചാല്‍ ഞങ്ങളെന്താ പറയണ്ടേ? അവിടെ ആ വീട്ടില്‍ താമസിക്കാന്‍ അച്ഛമ്മക്ക് പേടിയായിരുന്നു. അച്ഛന് ലോറി ഡ്രൈവറാണ്. ഞായറാഴ്ച വന്ന് തിങ്കളാഴ്ച പോകും. അച്ഛന് പേടിയുണ്ടോ എന്ന് ഞാന്‍ ചോദിച്ചതാ. ഇല്ല മോളേ എന്നാണ് അച്ഛന് പറഞ്ഞത്. എന്തിനാണ് ചെന്താമര എല്ലാവരെയും കൊന്നതെന്ന് ഇപ്പോഴുംഅറിയില്ലെന്നും അഖിലയും അതുല്യയും.