ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ കെയര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോക അപൂര്‍വ രോഗ ദിനത്തില്‍ അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ കെയര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപത്രിയിലാണ് അപൂര്‍വ രോഗ ദിനത്തോടനുബന്ധിച്ച് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയ്ക്കായുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. 20 കുട്ടികള്‍ക്ക് ഗ്രോത്ത് ഹോര്‍മോണ്‍ കുറവിനായുള്ള ചികിത്സ ആരംഭിച്ചു. ടര്‍ണര്‍ സിന്‍ഡ്രോം ബാധിച്ച 14 പേര്‍ക്കും ജിഎച്ച് കുറവുള്ള ആറ് പേര്‍ക്കും സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ കീഴില്‍ ജിഎച്ച് തെറാപ്പി ആരംഭിച്ചു. രോഗികളെ മള്‍ട്ടി ഡിസിപ്ലിനറി ടീം വിശദമായി പരിശോധിച്ചാണ് ജിഎച്ച് തെറാപ്പി നല്‍കിയത്.
ശരീരത്തിലെ വളര്‍ച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന ഒരു പ്രധാന ഹോര്‍മോണ്‍ ആണ് ഗ്രോത്ത് ഹോര്‍മോണ്‍. പിറ്റിയൂറ്ററി ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. അപൂര്‍വ രോഗ പരിചരണ മേഖലയില്‍ പുത്തന്‍ ചുവടുവയ്പ്പായി 2024 ഫെബ്രുവരി മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതി ആരംഭിച്ചത്. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കിയും ഉയര്‍ത്തി.