അണക്കെട്ടിന്റെ സുരക്ഷ വ്യക്‌തമാക്കണമെന്ന ആവശ്യത്തിന്റെ പശ്‌ചാത്തലത്തിലാണു പുതിയ സമിതി രൂപീകരിച്ച് തടിതപ്പാനുള്ള കേന്ദ്രനീക്കം. ഇത്തരമൊരു നിര്‍ദേശം കോടതിയെ അറിയിച്ചപ്പോള്‍ കേരളം ആ കെണിയില്‍ വീഴുകയായിരുന്നെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
തിരുവനന്തപുരം: സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിക്കു പകരം ദേശീയ ഡാം സുരക്ഷാ അതോറിറ്റി അധ്യക്ഷന്റെ നേതൃത്വത്തില്‍ പുതിയ സമിതി നിലവില്‍വന്നത് കേരളത്തിനു തിരിച്ചടിയാകുമെന്ന് ആശങ്ക. ഈ തീരുമാനം അംഗീകരിച്ച കേരളത്തിന്റെ നടപടി തന്ത്രപരമായ പിഴവാണെന്നു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
അണക്കെട്ട് സുരക്ഷിതമാണെന്നു വ്യക്‌തമാക്കി 2014-ല്‍ തമിഴ്‌നാടിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചപ്പോഴും മേല്‍നോട്ടസമിതിയിലൂടെ കേരളത്തിന് മേല്‍ക്കൈയുണ്ടായിരുന്നു. സുപ്രീം കോടതിക്കു കീഴിലുള്ള സമിതിയായിരുന്നതിനാല്‍ ഏതുസമയത്തും കോടതിയെ സമീപിക്കാന്‍ കഴിയുമായിരുന്നു. അണക്കെട്ടിന്റെ ഗേറ്റ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വീഴ്‌ച വരുത്തിയപ്പോള്‍ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുക്കാന്‍ ഡോ. ജോര്‍ജ് ജോസഫിനു കഴിഞ്ഞത് അതിനാലാണ്. പുതിയ സമിതി വന്നതോടെ ഈ അനുകൂലസാഹചര്യം മാറി.
വിധി വന്ന് 10 വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സുരക്ഷ വ്യക്‌തമാക്കണമെന്ന ആവശ്യത്തിന്റെ പശ്‌ചാത്തലത്തിലാണു പുതിയ സമിതി രൂപീകരിച്ച് തടിതപ്പാനുള്ള കേന്ദ്രനീക്കം. കേസിന്റെ ഭാഗമായി ഇത്തരമൊരു നിര്‍ദേശം കോടതിയെ അറിയിച്ചപ്പോള്‍ കേരളം ആ കെണിയില്‍ വീഴുകയായിരുന്നെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി നിരീക്ഷണത്തിലുള്ള മേല്‍നോട്ടസമിതി നിലനിര്‍ത്തിക്കൊണ്ട് പുതിയ സമിതിയാകാമെന്ന നിലപാട് സ്വീകരിക്കുന്നതിനു പകരം, ദേശീയ ഡാംസുരക്ഷാ അതോറിറ്റി (എന്‍.ഡി.എസ്.എ) അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സമിതിക്ക് കേരളം സമ്മതം മൂളുകയായിരുന്നു. തമിഴ്‌നാട് ആഗ്രഹിച്ചതും അതുതന്നെ.
മുല്ലപ്പെരിയാര്‍ കേസില്‍ കേന്ദ്ര ജല കമ്മിഷന്‍ എക്കാലത്തും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. പുതുതായി രൂപീകരിച്ച സമിതിയും ഏകപക്ഷീയമാണെന്ന വിമര്‍ശനമാണുയരുന്നത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ജലവിഭവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ സമിതിയിലുണ്ടെങ്കിലും കേന്ദ്ര ഡാം സുരക്ഷാനിയമപ്രകാരം സമിതി അധ്യക്ഷന്റെ തീരുമാനം അന്തിമമാണ്. തീരുമാനം അനുസരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനുള്ള അധികാരവും അധ്യക്ഷനുണ്ട്. ഉപദേശകരായി മാത്രമേ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികള്‍ക്കു പ്രവര്‍ത്തിക്കാനാകൂ. ബി. അശോക് കെ.എസ്.ഇ.ബി. സി.എം.ഡിയായിരിക്കേ കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റി നിയമത്തിലെ ഇൗ പോരായ്‌മ ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു.
അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കേണ്ടതും അതിനായി വിദഗ്‌ധസമിതി രൂപീകരിക്കേണ്ടതും അനിവാര്യമാണ്. എന്നാല്‍, അത് ഈ രീതിയിലല്ല ചെയ്യേണ്ടിയിരുന്നതെന്നു മുല്ലപ്പെരിയാര്‍ കേസ് കാലങ്ങളായി കൈകാര്യം ചെയ്യുന്ന നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധിപ്രകാരമുള്ള മേല്‍നോട്ടസമിതി നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു സമിതി ആകാമായിരുന്നു. ഈ സമിതിയെ യൂണിയന്‍ പട്ടികയില്‍പ്പെടുത്തിനിയമസാധുത ആവശ്യപ്പെടാമായിരുന്നു. ഇക്കാര്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടില്ല.
പുതിയ മേല്‍നോട്ടസമിതിയെ കേരളം സ്വാഗതം ചെയ്യുമ്പോള്‍തന്നെ തമിഴ്‌നാടും ആഹ്ലാദത്തിലാണ്. അണക്കെട്ട് ബലപ്പെടുത്തുന്നതിനു തമിഴ്‌നാട് നത്തിവരുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ എതിര്‍പ്പ് മൂലമാണു തടസപ്പെട്ടിരുന്നത്. പുതിയ സമിതി വരുന്നതോടെ തടസം നീങ്ങുമെന്ന പ്രതീക്ഷയിലാണു തമിഴ്‌നാട്. തീരുമാനമെടുക്കാന്‍ അവകാശമുണ്ടായിരുന്ന സമിതിക്കു പകരം, ഉപദേശകസമിതി അംഗമായിരിക്കാന്‍ സമ്മതിച്ച കേരളത്തിന്റെ നടപടി തിരിച്ചടിയാകുമെന്നാണ് ആശങ്ക. പുതിയ സമിതിക്കു മുകളില്‍ സുപ്രീം കോടതി നിരീക്ഷണത്തിലുള്ള സമിതിയെന്ന ആവശ്യം ഇനിയും ഉന്നയിക്കാമെന്നും നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.