• Tue. Oct 22nd, 2024

24×7 Live News

Apdin News

no one has file a complaint based on the Hema committee report: Special investigation team | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പരാതി നല്‍കാന്‍ ആരും തയാറായിട്ടില്ലെന്നു പ്രത്യേക അന്വേഷണസംഘം, തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ തടസ്സം

Byadmin

Oct 22, 2024


uploads/news/2024/10/742113/Ajitha-beagum-Pookuzhali.jpg

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കാന്‍ ആരും തയാറായിട്ടില്ലെന്നു പ്രത്യേക അന്വേഷണസംഘം. തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ ഹൈക്കോടതിയുടെ അനുമതി തേടും.

കേസ് ഈയാഴ്ചയാണു ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. കോടതിയില്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കോസ്റ്റല്‍ പോലീസ് എ.ഐ.ജി: ജി. പൂങ്കുഴലി, ഡി.ഐ.ജി: അജിതാ ബീഗം എന്നിവര്‍ ഇന്നലെ കേസ് പരിഗണിക്കുന്ന ജഡ്ജിമാരുമായും അഡ്വക്കേറ്റ് ജനറലുമായും പ്രത്യേക കൂടിക്കാഴ്ച നടത്തി. ഹേമ കമ്മിറ്റി മുമ്പാകെ മൊഴികൊടുത്തവരാരും എസ്.ഐ.ടിക്കു പരാതി നല്‍കാന്‍ തയാറല്ലെന്നു അറിയിച്ച വിവരം കൂടക്കാഴ്ചയില്‍ അറിയിച്ചതായാണു വിവരം.

ഹൈക്കോടതി തീരുമാനമറിഞ്ഞശേഷം മാത്രമാകും ഇനി തുടര്‍നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിനോടു സ്വമേധയാ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടാല്‍, വീണ്ടും മൊഴി നല്‍കിയവരെയെല്ലാം പോലീസ് പോയിക്കണ്ടു പരാതി നല്‍കുന്നുണ്ടോ എന്നാരായും. ആരും മുന്നോട്ടുവന്നില്ലെങ്കില്‍, അക്കാര്യം വ്യക്തമാക്കി കോടിതയില്‍ മുമ്പാകെ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സാധ്യതയെന്നു (എസ്.ഐ.ടി.) വൃത്തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഡി.ജി.പിക്കു ലഭിച്ചു മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ചെറുവിരലനക്കിയോയെന്നു ചോദിച്ചായിരുന്നു അന്വേഷണം നടത്താന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയത്.

കുറ്റകൃത്യങ്ങള്‍ക്കുള്ള പരിഹാരമാണോ സിനിമാനയമെന്നു കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും അതില്‍ പരാമര്‍ശിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകളും പ്രത്യേക അന്വേഷണസംഘ (എസ്.ഐ.ടി.)ത്തിനു കൈമാറാന്‍ കോടതി ഉത്തരവിട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തുകൊണ്ടു നിഷ്‌ക്രിയത്വം പാലിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോര്‍ട്ട് 2021 ല്‍ ഡി.ജി.പിക്ക് കൈമാറിയിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടു നടപടിയെടുത്തില്ല. നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും രേഖാമൂലം അറിയിക്കണമെന്നും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എസ്.ഐ.ടി. മൊഴിയെടുത്തത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ലൈംഗികാതിക്രമവും പോക്‌സോ കുറ്റകൃത്യവും പരിശോധിക്കാനാണു കോടതി നിര്‍ദ്ദേശിച്ചത്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയെന്നാണു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച റിപ്പോര്‍ട്ടെന്നും ആരാണു പരാതിയെന്നോ ആര്‍ക്കെതിരേയാണു പരാതിയെന്നോ റിപ്പോര്‍ട്ടിലില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജി ഉള്‍പ്പെടെ മൂന്നു ഹര്‍ജികളാണു കോടതി പരിഗണിക്കുന്നത്. നേരത്തെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടു തേടിയ കോടതി മുദ്രവച്ച കവറില്‍ മുഴുവന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യണം, സി.ബി.ഐ. അന്വേഷണത്തിനു വിടണം, റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടണം, പേരുകള്‍ പുറത്തുവിടരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികളാണു കോടതി പരിഗണിക്കുന്നത്. ഇതിനു പുറമേ ഹര്‍ജിയില്‍ വനിതാ കമ്മിഷനെ ഹൈക്കോടതി സ്വമേധയ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു.



By admin