
ദില്ലി: പഹൽഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിക്ക് സജ്ജമായി ഇന്ത്യന്‍ സേനകള്‍. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തികളിലും കരസേന കനത്ത ജാഗ്രതയിലാണ്. അറബിക്കടലില്‍ മിസൈല്‍ പരീക്ഷണമടക്കം അഭ്യാസപ്രകടനങ്ങളുമായി ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് നാവിക സേനയും വ്യക്തമാക്കി. പോസ്റ്റല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനും, പാക് ഐപി അഡ്രസുള്ള വെബ്സൈറ്റുകള്‍ നിരോധിക്കാനും തീരുമാനിച്ച് പാകിസ്ഥാന് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. അതേസമയം, തിരിച്ചടി വൈകുന്നതില്‍ കേന്ദ്രസര‍്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു.
അതിര്‍ത്തികളില്‍ കരസേന കടുത്ത ജാഗ്രത തുടരുന്നു. മുന്‍നിശ്ചയിച്ച് 26ന് അറബികടലില്‍ തുടങ്ങിയ അഭ്യാസ പ്രകടനം നാവികസേനയും തുടരുകയാണ്. കപ്പല്‍ വേധ, വിമാനവേധ മിസൈലുകളും പരീക്ഷിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നിരീക്ഷണത്തിനുണ്ട്. അസാധാരണ നീക്കങ്ങള്‍ നിരീക്ഷിക്കയാണെന്നും,തിരിച്ചടിക്ക് സേന സന്നദ്ധമാണെന്നും നാവികസേന വ്യക്തമാക്കി. നാളെ ഉത്തര്‍പ്രദേശിലെ ഗംഗ എക്സ്പ്രസ് വേയില്‍ യുദ്ധ വിമാനങ്ങള്‍ അണിനിരത്തി വ്യോമസേനയും അഭ്യസ പ്രകടനങ്ങള്‍ നടത്തും.