• Sun. Apr 27th, 2025

24×7 Live News

Apdin News

Nothing like a Sharia court has any legal force: Supreme Court | ഖാസി കോടതി, ദാരുള്‍ കാജ കോടതി, ശരീയത്ത്‌ കോടതി… ഒന്നിനും നിയമപ്രാബല്യമില്ലെന്നു സുപ്രീം കോടതി, ജീവനാംശ ഹര്‍ജി അനുവദിച്ച് കോടതി നിരീക്ഷണം

Byadmin

Apr 27, 2025


uploads/news/2025/04/777847/in1.jpg

ന്യൂഡല്‍ഹി: ഖാസി കോടതി, ദാരുള്‍ കാജ കോടതി, ശരിയത്ത്‌ കോടതി തുടങ്ങി ഏതു പേരിലുള്ളവയായാലും നിയമപരമായ അംഗീകാരമില്ലെന്നു സുപ്രീം കോടതി. ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 125 പ്രകാരം മുസ്ലിം സ്‌ത്രീയുടെ ജീവനാംശ ഹര്‍ജി അനുവദിച്ചാണു പരമോന്നത കോടതിയുടെ നിരീക്ഷണം.

മേല്‍പറഞ്ഞതുപോലുള്ള സ്‌ഥാപനങ്ങളുടെ വിധിയോ തീരുമാനങ്ങളോ ഏത്‌ പേരില്‍ ലേബല്‍ ചെയ്‌താലും അത്‌ ആര്‍ക്കും ബാധകമല്ലെന്നും ജസ്‌റ്റിസുമാരായ സുധാന്‍ഷു ധൂലിയ, അഹ്‌സാനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച്‌ ഊന്നിപ്പറഞ്ഞു. ബന്ധപ്പെട്ട കക്ഷികള്‍ അവയുടെ ഉത്തരവ്‌ അംഗീകരിക്കുന്ന ഘട്ടത്തില്‍ മാത്രമേ അവയ്‌ക്ക് എന്തെങ്കിലും പ്രസക്‌തിയുള്ളൂ. അതും അത്‌ അംഗീകരിക്കുന്ന കക്ഷികള്‍ക്കിടയില്‍ മാത്രം. മൂന്നാമതൊരു കക്ഷിക്ക്‌ ഉത്തരവ്‌ ബാധകമല്ലെന്നും ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

ഷാജഹാന്‍ എന്ന സ്‌ത്രീ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപീംകോടതി. ഝാന്‍സി കുടുംബ കോടതി ജീവനാംശം നിഷേധിച്ചതിനെതിരേ അവര്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. അതിലും അനുകൂല ഉത്തരവ്‌ ഉണ്ടാകാത്തതിനെ തുടര്‍ന്നാണു സുപ്രീം കോടതിയെ സമീപിച്ചത്‌. കുടുംബ കോടതി രണ്ട്‌ കുട്ടികള്‍ക്കുമായി 2,500 രൂപ മാത്രമേ ജീവനാംശമെന്ന നിലയ്‌ക്ക്അനുവദിച്ചിരുന്നുള്ളൂ.

2002 സെപ്‌റ്റംബര്‍ 24-ന്‌ ഇസ്ലാമിക ആചാരപ്രകാരമായിരുന്നു ഹര്‍ജിക്കാരിയുടെ വിവാഹം. വരന്റെയും വധുവിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്‌.
മോട്ടോര്‍ സൈക്കിളും 50,000 രൂപയും നല്‍കാത്തതിനാല്‍ ഭര്‍ത്താവ്‌ ക്രൂരത കാട്ടിയതായി അപ്പീല്‍ക്കാരി കുടുംബകോടതിയില്‍ വാദിച്ച കാര്യം സുപീം കോടതി ബെഞ്ച്‌ എടുത്തുകാട്ടി. രണ്ടാം വിവാഹമായതിനാല്‍ പുരുഷന്‍ സ്‌ത്രീധനം ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നായിരുന്നു കുടുംബ കോടതിയുടെ വിലയിരുത്തല്‍.

“കുടുംബ കോടതിയുടെ അത്തരം ന്യായവാദം/നിരീക്ഷണം നിലവിലെ നിയമവ്യവസ്‌ഥയ്‌ക്ക് അജ്‌ഞാതമാണ്‌. മാത്രമല്ല അത്‌ വെറും അനുമാനത്തെ അടിസ്‌ഥാനമാക്കിയാണ്‌. രണ്ടാം വിവാഹത്തിനു സ്‌ത്രീധനം ആവശ്യമില്ലെന്നു കുടുംബ കോടതിക്ക്‌ അനുമാനിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
2005-ല്‍ ദമ്പതികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിലായി. പിന്നീട്‌ അപ്പീല്‍ക്കാരിയുടെ സ്വഭാവവും പെരുമാറ്റവുമാകാം ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കിയതെന്ന കുടുംബ കോടതി നിലപാടിനെയും സുപ്രീം കോടതി ബെഞ്ച്‌ ചോദ്യംചെയ്‌തു.

ഒത്തുതീര്‍പ്പ്‌ രേഖയിലെ കക്ഷി തെറ്റ്‌ സമ്മതിച്ചു എന്ന വാദത്തെ അടിസ്‌ഥാനമാക്കിയുള്ളതാണ്‌ ഈ ന്യായവാദം. ഒത്തുതീര്‍പ്പ്‌ രേഖ പരിശോധിച്ചാല്‍ അതില്‍ അത്തരമൊരു സമ്മതം രേഖപ്പെടുത്തിയിട്ടില്ലെന്നു വ്യക്‌തമാകും.

2005-ല്‍ ഭര്‍ത്താവ്‌ നല്‍കിയ ആദ്യ വിവാഹമോചന കേസ്‌ ഈ ഒത്തുതീര്‍പ്പിന്റെ അടിസ്‌ഥാനത്തില്‍ തള്ളിക്കളഞ്ഞു. അതില്‍ ഇരുകക്ഷികളും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും മറ്റേ കക്ഷിക്കു പരാതിപ്പെടാന്‍ ഒരു അവസരവും നല്‍കില്ലെന്ന്‌ സമ്മതിക്കുകയും ചെയ്‌തു. ആ സ്‌ഥിതിക്കു ഹര്‍ജിക്കാരിക്കു ജീവനാംശം നിഷേധിക്കുന്നതിനുള്ള അടിസ്‌ഥാനം/കാരണം തന്നെ പ്രത്യക്ഷത്തില്‍ നിലനില്‍ക്കില്ലെന്ന്‌ അനുമാനിക്കണമെന്നും ബെഞ്ച്‌ പറഞ്ഞു.



By admin