കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ പ്രതിയായ സംവിധായകന് സനല്‍കുമാര്‍ ശശിധരന് അമേരിക്കയിലെന്നു വിവരം. സനല്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ ശ്രമം തുടങ്ങി. ലുക്ക് ഒൗട്ട് സര്‍ക്കുലര്‍ ഇറക്കി വിമാനത്താവളത്തില്‍വച്ച് പിടികൂടാനും പോലീസ് നീക്കം. നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകളാണു സനല്‍കുമാര്‍ ശശിധരനെതിരേ ചുമത്തിയിരിക്കുന്നത്.
പിന്തുടര്ന്നു ശല്യപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പിലാണു കേസെടുത്തത്. നേരത്തെയുണ്ടായ സമാന പരാതിയില്‍ കുറ്റപത്രം നല്കാനിരിക്കേയാണു രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴിയാണ് നടി എളമക്കര പോലീസില്‍ പരാതി നല്‍കിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പിന്തുടര്ന്ന് അപമാനിക്കുന്നുവെന്ന് ആരോപിച്ച് 2022-ലും നടി സനല്‍ കുമാറിനെതിരേ പരാതി നല്‍കിയിരുന്നു. അന്ന് കേസെടുത്ത പോലീസ് തിരുവനന്തപുരത്തുനിന്ന് സനലിനെ അറസ്റ്റ് ചെയ്തിരുന്നു.
ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു.പിന്നീട്, 2019 ഓഗസ്റ്റ് മുതല്‍ സനല്‍കുമാര്‍ വീണ്ടും ശല്യം ചെയ്യുന്നുവെന്നാണു നടിയുടെ പരാതി. സാമൂഹികമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും പ്രണയാഭ്യര്‍ഥന നടത്തി. ഇതു നിരസിച്ചതോടെ പിന്തുടര്ന്ന് ശല്യം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനകരമായ പോസ്റ്റുകളും സനല്‍കുമാര്‍ പങ്കിട്ടെന്നാണ് നടിയുടെ പരാതിയില്‍.