തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ഡാമിലേക്ക് വീണ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് വീണത്. കുട്ടികള്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാല് പെണ്‍കുട്ടികളെയും തൃശൂരിലെ ജൂബിലി മിഷന്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ ഗുരുതരമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് പള്‍സ് നോര്‍മല്‍ ആയിരുന്നില്ല.
മുതിര്‍ന്ന ഡോക്ടര്‍മാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്ന അധികൃതര്‍ അറിയിച്ചിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആവശ്യമെങ്കില്‍ പുറത്തുനിന്നടക്കം ഡോക്ടര്‍മാരെ കൊണ്ടുവരുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു.
നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനായാണ് കുട്ടികള്‍ എത്തിയത്. ഇതിനിടെയാണ് ഡാമിന്റെ റിസര്‍വോയറില്‍ കുട്ടികള്‍ കുളിക്കുന്നതിനായി എത്തിയത്. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. മറ്റ് മൂന്ന് പേരും വെന്റിലേറ്ററില്‍ തുടരുകയാണ്.