ശിക്ഷയിൽ കഴിയുന്നതിനിടയിൽ ഇത് 12-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്.
ഭക്തരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് സിംഗ് റഹിം സിങ്ങിന് ചൊവ്വാഴ്ച പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോളാണ് ലഭിച്ചത്. ശിക്ഷയിൽ കഴിയുന്നതിനിടയിൽ ഇത് 12-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് ഗുർമീത് ജയിലിൽ നിന്ന് പരോളിന് ഇറങ്ങിയത്. ശേഷം സിർസയിലെ ആശ്രമത്തിന്റെ ആസ്ഥാനത്തേക്കാണ് പോയത്. 2017ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ഗുർമീത് ഇവിടം സന്ദർശിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ആസ്ഥാനത്ത് എത്തിയശേഷം സന്ദർശനത്തിന് അനുയായികൾ അങ്ങോട്ടേക്ക് വരരുതെന്നും വരാൻ പോകുന്ന പരിപാടികളുടെ വിവരങ്ങൾ ഉടനെ അറിയിക്കുമെന്നും ഗുർമീത് അനുയായികൾക്ക് ഉറപ്പ് നൽകി.
ഹണിപ്രീത് എന്ന അനുയായിയും ഗുർമീതിനൊപ്പം ഉണ്ടായിരുന്നു. പരോളിലെ ആദ്യത്തെ 10 ദിവസം സിർസയിലും ബാക്കിയുള്ള 20 ദിവസം ഭഗ്പതിലെ ആശ്രമത്തിലുമാണ് ഗുർമീത് തങ്ങുന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു. മുമ്പ് പരോൾ ലഭിച്ചപ്പോൾ ഭഗ്പത് മാത്രം സന്ദർശിക്കുവാനാണ് അനുവാദം നൽകിയിരുന്നത്. ഗുർമീതിന് പരോൾ ലഭിക്കുന്നത് അധികവും തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിലാണ്. 2024ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് 20 ദിവസം പരോൾ, ജനുവരിയിൽ 50 ദിവസം, ഓഗസ്റ്റിൽ 21 ദിവസം എന്നിങ്ങനെ പരോൾ ലഭിച്ചിരുന്നു.