• Wed. Mar 26th, 2025

24×7 Live News

Apdin News

ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos | വാഴുക, മഫ്രിയാനോ കാതോലിക്ക ബസേലിയോസ്‌ യൗസേഫ്‌ ബാവ, ശ്രേഷ്‌ഠ കാതോലിക്കാ ബാവ അഭിഷിക്‌തനായി

Byadmin

Mar 26, 2025


പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസപ്രഖ്യാപനമായി മാറിയ ചടങ്ങില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയാണു കാതോലിക്കയെ വാഴിച്ചത്‌.

uploads/news/2025/03/771972/int3.jpg

ബെയ്‌റൂട്ട്‌ (ലെബനോന്‍): ‘ഇവന്‍ യോഗ്യനാകുന്നു’ എന്നര്‍ഥമുള്ള ‘ആക്‌സിയോസ്‌… ആക്‌സിയോസ്‌’ വിളികളാല്‍ മുഖരിതമായ ദിവ്യബലി വേദിയില്‍ യാക്കോബായ സുറിയാനി സഭയുടെ മഫ്രിയാനോ കാതോലിക്ക ബസേലിയോസ്‌ യൗസേഫ്‌ ബാവ അഭിഷിക്‌തനായി. പൗരാണിക വിശ്വാസാചാരങ്ങളുടെ തനിമയോടെ, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസപ്രഖ്യാപനമായി മാറിയ ചടങ്ങില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയാണു കാതോലിക്കയെ വാഴിച്ചത്‌. അദ്ദേഹം ഇന്ത്യയുടെ മഫ്രിയാനോ കാതോലിക്ക എന്ന്‌ അറിയപ്പെടും. ആകമാന സുറിയാനി സഭയിലെ രണ്ടാം സ്‌ഥാനിയായാണ്‌ ഉയര്‍ത്തപ്പെട്ടിരിക്കുന്നത്‌.

ലെബനോന്‍ തലസ്‌ഥാനമായ ബെയ്‌റൂട്ടില്‍നിന്ന്‌ 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കാ കത്തീഡ്രലിലായിരുന്നു ചടങ്ങ്‌. ലെബനോന്‍ സമയം വൈകിട്ട്‌ അഞ്ചിന്‌ (ഇന്ത്യന്‍ സമയം വൈകിട്ട്‌ 8.30) ആരംഭിച്ച സ്‌ഥാനാരോഹണ ശുശ്രൂഷകളില്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ മേലധ്യക്ഷന്മാര്‍ സഹകര്‍മികരായി. ഇതര സഭകളിലെ മേലധ്യക്ഷന്മാരും പുരോഹിതരും പ്രതിനിധികളും വിശ്വാസികളും സംബന്ധിച്ചു. സന്ധ്യാപ്രാര്‍ഥനയോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്‌. 4.30നു പ്രദക്ഷിണമായി പരിശുദ്ധ ബാവയും മറ്റുള്ളവരും പള്ളിയില്‍ പ്രവേശിച്ചു.

ഡോ. തോമസ്‌ മോര്‍ തിമോത്തിയോസ്‌, മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, യല്‍ദോ മോര്‍ തീത്തോസ്‌, കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറോസ്‌, മോര്‍ തിമോത്തിയോസ്‌ ശെമവൂന്‍, മോര്‍ യുസ്‌തോസ്‌ പൗലോസ്‌, മോര്‍ ദിയസ്‌കോറോസ്‌ ബെന്യാമിന്‍, മോര്‍ മത്യാസ്‌ അല്‍ഘൂരി എന്നിവര്‍ മദ്‌ബഹായില്‍ സഹകാര്‍മ്മികരായി. മറ്റു മെത്രാന്മാര്‍ ഹൈക്കലായില്‍ അംശവസ്‌ത്രമണിഞ്ഞു സംബന്ധിച്ചു.

പാത്രിയര്‍ക്കീസിനോടും അന്തോഖ്യാ സിംഹാസനത്തോടുമുള്ള ഭക്‌തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുനല്‍കിയ ശല്‍മോസ (ഉടമ്പടി) സ്വീകരിച്ച പാത്രിയര്‍ക്കീസ്‌ തിരികെ സുസ്‌ഥാത്തിക്കോന്‍ (അധികാരപത്രം) നല്‍കി. മദ്‌ബഹായില്‍ ഭക്‌തജനങ്ങള്‍ക്ക്‌ അഭിമുഖമായി പീഠത്തിലിരുത്തിയ ശ്രേഷ്‌ഠ കാതോലിക്കയെ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന്‌ ഉയര്‍ത്തിയപ്പോള്‍ ‘ശ്രേഷ്‌ഠ മഫ്രിയാനോ കാതോലിക്ക ബസേലിയോസ്‌ യൗസേഫ്‌ യോഗ്യനും വാഴ്‌ത്തപ്പെട്ടവനുമാകുന്നു’ എന്നു മുഖ്യകാര്‍മികന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ ‘അവന്‍ യോഗ്യന്‍തന്നെ’ എന്നര്‍ഥമുള്ള ‘ആക്‌സിയോസ്‌… ആക്‌സിയോസ്‌’ എന്നു പാത്രിയര്‍ക്കീസ്‌ ബാവ പറഞ്ഞപ്പോള്‍ മെത്രാപ്പോലീത്തമാരും വൈദികരും മൂന്നുതവണ ഏറ്റുച്ചൊല്ലി.

സ്‌ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശവടിയും മുഖ്യകാര്‍മികന്‍ ശ്രേഷ്‌ഠ കാതോലിക്കയ്‌ക്കു കൈമാറിയതോടെ രണ്ടു മണിക്കൂര്‍ നീണ്ട കാതോലിക്ക വാഴ്‌ചയ്‌ക്കു സമാപനമായി. കാലം ചെയ്‌ത കാതോലിക്കാ ബാവമാരുടെ അംശവടികളില്‍നിന്നു തെരഞ്ഞെടുത്ത ഒരെണ്ണമാണ്‌ ആചാരപ്രകാരം അദ്ദേഹത്തിനു നല്‍കിയത്‌. ഇതു സുറിയാനി സഭയുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ പ്രതീകം കൂടിയാണ്‌. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയുടെ ശേഷിക്കുന്ന ഭാഗം കാതോലിക്കാ ബാവ പൂര്‍ത്തിയാക്കി.

മന്ത്രി ജോര്‍ജ്‌ കുര്യന്റെ നേതൃത്വത്തില്‍ വി. മുരളീധരന്‍, അല്‍ഫോന്‍സ്‌ കണ്ണന്താനം, ബെന്നി ബഹനാന്‍ എം.പി, ഷോണ്‍ ജോര്‍ജ്‌ എന്നിവരടങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരായ അനൂപ്‌ ജേക്കബ്‌, ഇ.ടി. ടൈസണ്‍, എല്‍ദോസ്‌ പി. കുന്നപ്പിള്ളി, ജോബ്‌ മൈക്കിള്‍, പി.വി.ശ്രീനിജന്‍, വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ എന്നിവരും സംബന്ധിച്ചു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം വായിച്ചു.

മന്ത്രി പി. രാജീവ്‌ സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി പ്രസംഗിച്ചു. 12 ആഗോള സഭകളിലെ തലവന്മാരും പ്രതിനിധികളും സന്നിഹിതരായിരുന്നു. മലങ്കര കത്തോലിക്ക സഭാ തലവന്‍ മോര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവ, മാര്‍ത്തോമ്മാ സഭയിലെ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ്‌ മോര്‍ ബര്‍ണബാസ്‌, മാരോനൈറ്റ്‌ സഭാധ്യക്ഷന്‍ ബച്ചറ ബുട്രോസ്‌ അല്‍ റാഹി, മെല്‍ക്കൈറ്റ്‌ സഭാധ്യഷന്‍ യൂസഫ്‌ അബ്‌സി, അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കരേക്കിന്‍ രണ്ടാമന്‍, കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ് സഭയുടെ യരുശലേം മെത്രാപ്പോലീത്ത, ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി, അന്തോഖ്യന്‍ സുറിയാനി കത്തോലിക്ക സഭാധ്യക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജെബി പോള്‍



By admin