
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലെ ഭീകരര്‍ക്ക് വേണ്ടിയുള്ള വേട്ടയില്‍ പാകിസ്താന്‍ ഇന്ത്യയുമായി സഹകരിക്കണമെന്ന് അമേരിക്ക. പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദികളെ വേട്ടയാടാനുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വ്യാഴാഴ്ച പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ശക്തമായേക്കാവുന്ന ഒരു പ്രാദേശിക സംഘര്‍ഷം ഒഴിവാക്കാന്‍ അദ്ദേഹം ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചു. ‘സത്യം പറഞ്ഞാല്‍, പാകിസ്ഥാന്‍ ഉത്തരവാദിത്തമുള്ളിടത്തോളം, അവരുടെ പ്രദേശത്ത് ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ വേട്ടയാടുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു. ഒരു പ്രാദേശിക സംഘര്‍ഷത്തിലേക്ക് നയിക്കാത്ത വിധത്തില്‍ ഇന്ത്യ പ്രതികരിക്കുമെന്ന് കരുതുന്നതായും പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഇരുപത്തിയാറ് സാധാരണക്കാര്‍, കൂടുതലും വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂട്ടിയിരുന്നു. നരേന്ദ്രമോദിക്ക് പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് വാന്‍സിന്റെയും പ്രതികരണം. ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സെക്രട്ടറി സംസാരിച്ചു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി മോദിയോട് പിന്തുണ വ്യക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. പ്രധാനമന്ത്രി മോദിക്ക് ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടെന്നും പറഞ്ഞിരുന്നു.