
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാല്‍ തിരിച്ചടിക്കുമെന്നും വെള്ളം തടയാനായി നിര്‍മിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും പാകിസ്‌താന്‍ സേന തകര്‍ക്കുമെന്നുമാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. കരാര്‍ മരവിപ്പിച്ചാല്‍ പാകിസ്‌താന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നഷ്‌ടമാകും.
പഹല്‍ഗാം ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിലാണ് സിന്ധുനദീജല കരാര്‍ മരവിപ്പിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചത്. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പിന്നാലെ പാകിസ്‌താന്‍ പ്രതികരിച്ചിരുന്നു.
‘സിന്ധു നദിയിലൂടെ ഒന്നുകില്‍ വെള്ളമൊഴുകും, അല്ലെങ്കില്‍ നിങ്ങളുടെ രക്‌തമൊഴുകു’മെന്നാണ് പാകിസ്‌താന്‍ പീപ്പിള്‍ പാര്‍ട്ടി പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി കഴിഞ്ഞയാഴ്‌ച ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജലത്തിന്റെ ഒഴുക്ക് തടയുന്നതിനോ വ്യതിചലിപ്പിക്കുന്നതിനോയുള്ള ഏതൊരു ശ്രമവും യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഖ്വാജാ ആസിഫിന്റെ ഭീഷണി.
അതേസമയം, പാക് പ്രതിരോധമന്ത്രിയുടെ പ്രസ്‌താവനയോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, പരാമര്‍ശങ്ങളെ ബി.ജെ.പി ദേശീയ വക്‌താവ് ഷാനവാസ് ഹുസൈന്‍ അവജ്‌ഞയോടെ തള്ളി. ഇത്തരം ആഴമില്ലാത്ത ഭീഷണികള്‍ പാകിസ്‌താന്‍കാരുടെ പേടിയാണ് വെളിപ്പെടുത്തുന്നതെന്നും പാക് പ്രതിരോധമന്ത്രിക്ക് ഉള്‍പ്പെടെ ഉറക്കം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും ഷഹ്നവാസ് ഹുസൈന്‍ പ്രതികരിച്ചു. സിന്ധുനദിയില്‍നിന്നുള്ള ഒരുതുള്ളി വെള്ളംപോലും പാകിസ്‌താനില്‍ എത്തില്ലെന്ന് ഇന്ത്യ ഉറപ്പാക്കുമെന്ന് ജലശക്‌തി മന്ത്രി സി.ആര്‍. പാട്ടീല്‍ ദിവസങ്ങള്‍ക്കുമുമ്പ് പറഞ്ഞിരുന്നു.