
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രനടപടികള്‍ കടുപ്പിച്ചിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് അവര്‍ അറിയിച്ചിരുന്നു.
പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനാല്‍ അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ബദല്‍ റൂട്ട് വഴി വിമാനം സര്‍വീസ് നടത്തുമെന്നും വിമാനക്കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടാകാവുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിനും അപ്പുറത്തുള്ള ഈ അപ്രതീക്ഷിത പാക് നടപടി കാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.