പ്രതിരോധമന്ത്രാലയമാണ് ജാധവിന് അപ്പീലിന് അവകാശമില്ലെന്നു സുപ്രീം കോടതി മുമ്പാകെ വ്യക്‌തമാക്കിയത്. ജാധവിന് നയതന്ത്ര സഹായത്തിനു മാത്രമാണ് അര്‍ഹതയുള്ളത്. അപ്പീലിന് അവകാശമില്ല- പാക് പ്രതിരോധ മന്ത്രാലയം നിലപാടു സ്വീകരിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാധവിന് അപ്പീല്‍ അവകാശം അനുവദിക്കാതെ പാകിസ്‌താന്‍. 2019-ല്‍ കുല്‍ഭൂഷണിന് അനുകൂലമായി രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.ജെ) വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ലെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്‌തു.
പ്രതിരോധമന്ത്രാലയമാണ് ജാധവിന് അപ്പീലിന് അവകാശമില്ലെന്നു സുപ്രീം കോടതി മുമ്പാകെ വ്യക്‌തമാക്കിയത്. ജാധവിന് നയതന്ത്ര സഹായത്തിനു മാത്രമാണ് അര്‍ഹതയുള്ളത്. അപ്പീലിന് അവകാശമില്ല- പാക് പ്രതിരോധ മന്ത്രാലയം നിലപാടു സ്വീകരിച്ചു. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് ജാധവിന് നിയമസഹായം ഉറപ്പാക്കണമെന്നും അദ്ദേഹത്തിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും രാജ്യാന്തര കോടതി ഉത്തരവിട്ടിരുന്നു. 2023 മേയില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്‌റ്റിനെതിരേ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്‌ക്കിടെ പാക് പ്രതിരോധ മന്ത്രാലയ അഭിഭാഷകന്‍ ഖ്വാജ ഹാരിസ് അഹമ്മദ്, ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ജാധവിന്റെ കേസും പരാമര്‍ശിച്ചിരുന്നു.
ജാധവിന് ലഭ്യമായിരുന്ന അപ്പീല്‍ അവകാശം, 2023 മേയിലെ കലാപക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട പാക് പൗരന്മാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് അഹമ്മദ് പറഞ്ഞു. മേയിലെ സംഭവങ്ങളിലെ കുറ്റവാളികള്‍ക്ക് അപ്പീല്‍ അവകാശം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ രണ്ടു ദിവസംകൂടി ആവശ്യമാണെന്ന് പ്രതിരോധ മന്ത്രാലയം നിലപാടെടുത്തു. ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി 2016 ല്‍ ബലൂചിസ്‌ഥാനില്‍ നിന്ന് ജാധവിനെ അറസ്‌റ്റ് ചെയ്‌തതുവെന്നാണ് പാകിസ്‌താന്റെ അവകാശവാദം.എന്നാല്‍, ഇന്ത്യ ഇത് തള്ളിക്കളയുന്നു.
നാവികസേനയില്‍നിന്നു വിരമിച്ച ജാധവ് ബിസിനസ് കാര്യങ്ങളുമായി ഇറാനിലെ ചബഹാറില്‍ താമസിക്കുന്നതിനിടെ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം. ജാധവിന്റെ വിചാരണയെ ‘പ്രഹസനം’ എന്നാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്.