
മീററ്റ്: മീററ്റിനെ ഞെട്ടിച്ച സൗരഭ് രജ്പുത്ത് വധക്കേസില്‍ പ്രതിയായ ഭാര്യ മുസ്‌ക്കാന്‍ റസ്‌തോഗിയുടേയും കൊല്ലപ്പെട്ട സൗരഭിന്റെയും ആറു വയസ്സുകാരി മകള്‍ മാതാവും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരതയെക്കുറിച്ച് അറിവുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. പപ്പാ ഡ്രമ്മിനുള്ളിലുണ്ടെന്ന് അയല്‍ക്കാരോട് കുട്ടി പറയുമായിരുന്നെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഇത് കുട്ടിക്ക് കൊലപാതകത്തെക്കുറിച്ച് അറിയാം എന്നതിനെ സൂചിപ്പിക്കുന്നതായി സൗരഭിന്റെ മാതാപിതാക്കള്‍ അവകാശപ്പെടുന്നു.
ലണ്ടനില്‍ നിന്നും മകളുടെ ആറാം ജന്മദിനം ആഘോഷിക്കാന്‍ മീററ്റിലെത്തിയ സൗരഭ് മാര്‍ച്ച് 4 നാണ് കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി വെട്ടി നുറുക്കി ഒരു ഡ്രമ്മില്‍ ഇട്ട ശേഷം നനഞ്ഞ സിമിന്റ് ഇട്ടുനിറയ്ക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. ‘മാര്‍ച്ച് 4 ന് മുസ്‌കാനും സാഹിലും സൗരഭിനെ കൊലപ്പെടുത്തി യാത്ര പോയി. വീട്ടുടമ നേരത്തെ തന്നെ മുറി പുതുക്കിപ്പണിയുമെന്ന് പറഞ്ഞിരുന്നു. മുസ്‌കാന്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വീട്ടുടമ പണിക്ക് ആളെ വിട്ടു. ഇവര്‍ മുറി ഒഴിപ്പിക്കുന്നതിടയിലാണ് മുറിക്കുള്ളിലെ ഡ്രം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികള്‍ ഡ്രം ഉയര്‍ത്താന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. അതില്‍ എന്താണെന്ന് അവര്‍ ചോദിച്ചപ്പോള്‍ വേസ്റ്റ് ആണെന്നായിരുന്നു മുസ്‌ക്കാന്‍ നല്‍കിയ മറുപടി.
തൊഴിലാളികള്‍ ഡ്രമ്മിന്റെ മൂടി തുറന്നപ്പോള്‍ അന്തരീക്ഷത്തില്‍ ദുര്‍ഗന്ധം നിറഞ്ഞതായി രേണു ദേവി പറഞ്ഞു. ‘അവര്‍ പോലീസിനെ വിളിച്ചു. പോലീസുകാര്‍ എത്തിയപ്പോഴേക്കും മുസ്‌കാന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ മുസ്‌കാന്‍ സൗരഭിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു. സൗരഭിന്റെ ആറ് വയസ്സുള്ള മകള്‍ക്ക് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, ‘അവള്‍ എന്തെങ്കിലും കണ്ടിരിക്കാമെന്നായിരുന്നു അയല്‍ക്കാര്‍ പറഞ്ഞത്. പപ്പ ഡ്രമ്മിലുണ്ടെന്ന് അവള്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ അവളെ അവിടെ നിന്ന് മാറ്റിയത്.’
2016-ലായിരുന്നു സൗരഭും മുസ്‌ക്കാനും പ്രണയത്തിലായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ് മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. വിവാഹവും ജോലി ഉപേക്ഷിക്കാനുള്ള പെട്ടെന്നുള്ള തീരുമാനവും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് വീട്ടില്‍ കലഹത്തിലേക്ക് നയിച്ചു. അതോടെ സൗരഭും മുസ്‌കാനും വാടക വീട്ടിലേക്ക് താമസം മാറി. മുസ്‌കന്‍ സൗരഭിനെ വിവാഹം കഴിച്ചത് പണത്തിനുവേണ്ടിയാണെന്നും അയാള്‍ അവളെ അന്ധമായി വിശ്വസിച്ചുവെന്നും സൗരഭിന്റെ കുടുംബം ആരോപിച്ചു.
2019-ല്‍ മുസ്‌കാനും സൗരഭിനും ഒരു മകള്‍ ജനിച്ചു. എന്നാല്‍ മുസ്‌കാന് തന്റെ സുഹൃത്ത് സാഹിലുമായി ബന്ധമുണ്ടെന്ന് സൗരഭ് മനസ്സിലാക്കി. ഇത് ദമ്പതികള്‍ക്കിടയില്‍ പിരിമുറുക്കത്തിന് കാരണമായി, വിവാഹമോചനം പോലും പരിഗണിക്കപ്പെട്ടു. ഒടുവില്‍, മകളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ച് സൗരഭ് പിന്നോട്ട് പോയി. 2023-ല്‍ അദ്ദേഹം ജോലിക്കായി ലണ്ടനിലേക്ക് പോയി. പിന്നീട് തിരിച്ചെത്തിയപ്പോള്‍ മുസ്‌കാനും സാഹിലും കൂടുതല്‍ അടുത്തു. മുസ്‌കാനും സാഹിലും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നും സൗരഭ് എത്തിയത് ഇവരുടെ സമാഗമത്തിന് തിരിച്ചടിയായി. അതുകൊണ്ടാണ് സൗരഭിനെ ഇരുവരും കൊലപ്പെടുത്തിയതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
സൗരഭിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ മയക്കുമരുന്ന് ഉപയോഗം സൗരഭ് തടയുമെന്ന് തന്റെ സുഹൃത്ത് ഭയപ്പെട്ടിരുന്നുവെന്നാണ് മുസ്‌ക്കാന്‍ മാതാപിതാക്കളോട് പറഞ്ഞത്. സൗരഭ് എപ്പോഴും മുസ്‌കാനെ പിന്തുണച്ചിരുന്നുവെന്ന് മുസ്‌ക്കാന്റെ മാതാവ് കവിത പറഞ്ഞു. സൗരഭ് ലണ്ടനിലേക്ക് പോയപ്പോള്‍ മുസ്‌ക്കാനും കുട്ടിക്കും തങ്ങള്‍ക്കൊപ്പം താമസിക്കാമെന്ന് മുസ്‌ക്കാന്റെ മാതാപിതാക്കള്‍ പറഞ്ഞെങ്കിലും മുസ്‌ക്കാന് സ്വീകാര്യമായിരുന്നില്ല. മുസ്‌കാന്‍ നിയന്ത്രണങ്ങള്‍ ആഗ്രഹിക്കാത്തതിനാല്‍ അതിന് ആഗ്രഹിച്ചില്ല. സൗരഭ് അക്കാര്യത്തില്‍ മുസ്‌ക്കാനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ മകളുടെ ഭാരം ഏകദേശം 10 കിലോ കുറഞ്ഞു.
അദ്ദേഹം അകലെയായതിന്റെ മാനസീക സംഘര്‍ഷമായിരിക്കാം കാരണമെന്നാണ് മുസ്‌ക്കാന്റെ മാതാപിതാക്കള്‍ കരുതിയത്. സാഹില്‍ അവളെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞു. സൗരഭിന് നീതികിട്ടാന്‍ മകളെ തൂക്കിക്കൊല്ലണമെന്നാണ് ഇപ്പോള്‍ മുസ്‌ക്കാന്റെ മാതാപിതാക്കള്‍ പറയുന്നത്. ”ഞങ്ങളുടെ മകളാണ് പ്രശ്നം. അവള്‍ അവനെ കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തി. ഇപ്പോള്‍ അവള്‍ ഇത് ചെയ്തു. മകള്‍ക്ക് എന്ത് ശിക്ഷയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ അവള്‍ക്ക് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും അവളെ തൂക്കിക്കൊല്ലണമെന്നുമായിരുന്നു ദമ്പതികള്‍ കണ്ണീരോടെ നല്‍കിയ മറുപടി.