
ബംഗളൂരു: കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ ആറ് വിഷയങ്ങള്‍ക്കും തോറ്റ വിദ്യാര്‍ഥിയുടെ മാതാപിതാക്കളാണ് ഇപ്പോള്‍ കയ്യടി നേടുന്നത്.പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിന്റെ പരീക്ഷാ ഫലം ആണ് വന്നത്. 625 ല്‍ 200 മാര്‍ക്ക് നേടാനേ അഭിഷേക് എന്ന വിദ്യാര്‍ഥിക്ക് കഴിഞ്ഞുള്ളൂ. ഏകദേശം 32 %. റിസല്‍ട്ട് വന്നപ്പോള്‍ കൂട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവരും അഭിഷേകിനെ പരിഹസിച്ചു. എന്നാല്‍ മകന്‍ പത്താം ക്ലാസില്‍ തോറ്റിട്ടും മാതാപിതാക്കള്‍ അവനൊപ്പം നിന്നു. മകനെ വഴക്കു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതിന് പകരം കേക്ക് മുറിച്ച് ആഘോഷം നടത്തുകയാണ് ചെയ്തത്.
‘നീ പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കാം. പക്ഷേ, ജീവിതത്തില്‍ നീ തോല്‍ക്കില്ല. വീണ്ടും ശ്രമിച്ച് അടുത്ത തവണ വിജയിക്കാം”, മാതാപിതാക്കള്‍ അവനോട് പറഞ്ഞു. പരാജയപ്പെട്ടെങ്കിലും കുടുംബം തന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും വീണ്ടും പരീക്ഷ എഴുതി വിജയിക്കുമെന്നും മാതാപിതാക്കളുടെ സ്‌നേഹം കണ്ടപ്പോള്‍ അഭിഷേക് ദൃഢനിശ്ചയമെടുത്തു.