2016 നു മുൻപ് കേരളം എങ്ങനെയായിരുന്നു, 2025ൽ കേരളം എവിടെയെത്തി, ഇനി കേരളം എങ്ങനെ മുന്നോട്ടു പോകണം ഇത്തരം ഒരു വിലയിരുത്തലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട: സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 നു മുൻപ് കേരളം എങ്ങനെയായിരുന്നു, 2025ൽ കേരളം എവിടെയെത്തി, ഇനി കേരളം എങ്ങനെ മുന്നോട്ടു പോകണം ഇത്തരം ഒരു വിലയിരുത്തലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. നവ കേരള നിർമിതിക്ക് ജനങ്ങളുടെ നിർദ്ദേശമാണ് തേടുന്നത്.
2016 ന് മുൻപ് കേരളം തകർന്നടിഞ്ഞ ഒരു നാട് എന്ന സ്ഥിതിയിലായിരുന്നു. മാറ്റം ആഗ്രഹിച്ച ജനങ്ങളാണ് ഇടതുമുന്നണിയെ അധികാരത്തിൽ എത്തിച്ചത്. നാഷണൽ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് മാറ്റം ബോധ്യമാകും. റോഡ് വികസനം തടസ്സപ്പെട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു. പദ്ധതി ഉപേക്ഷിച്ച് നാഷണൽ ഹൈവേ അതോറിറ്റി പോയി. ഭൂമി ഏറ്റെടുത്തു കൊടുക്കാൻ അന്നത്തെ സർക്കാരിനായില്ല .
പഴയ സർക്കാറിന്റെ കെടുകാര്യസ്ഥത കാരണം ഭൂമി ഏറ്റെടുക്കാൻ തുക നൽകേണ്ടി വന്നു. 5581 കോടി രൂപ കേരളത്തിന് കൊടുക്കേണ്ടിവന്നു. മുൻപത്തെ സർക്കാർ കാണിച്ച കെടുകാര്യസ്ഥത കാരണമാണ് ഈ തുക നൽകേണ്ടി വന്നത്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിലും സമാന അനുഭവം ഉണ്ടായി. ഇടമൺ കൊച്ചി പവർ പദ്ധതിയും സർക്കാർ പൂർത്തിയാക്കി. പഠിക്കാൻ പോകുന്ന കുട്ടിക്ക് പാഠപുസ്തകം ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ കേരളത്തിൽ നേരത്തെ തന്നെ പാഠപുസ്തകം വിതരണം ചെയ്യുകയാണ്. 2016 ന് മുൻപ് കുട്ടികൾ പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന കാഴ്ച ഉണ്ടായിരുന്നു. ആ രംഗത്തും വലിയ മാറ്റം ഉണ്ടാക്കാൻ സർക്കാരിനായി.
ആരോഗ്യരംഗത്തും വലിയ കുതിച്ചുചാട്ടം ഉണ്ടായി. കോവിഡ് കാലത്ത് ലോകം കേരളത്തെ അത്ഭുതത്തോടെ നോക്കി. വികസിത രാജ്യങ്ങൾ പോലും മുട്ടുകുത്തിയപ്പോൾ കേരളം പിടിച്ചുനിന്നു. ദുരന്തങ്ങൾ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു. ദുരന്തങ്ങളിൽ പോലും കേന്ദ്രം കേരളത്തെ സഹായിച്ചില്ല. കേരളത്തിലെ പ്രതിപക്ഷം അതിനൊപ്പം ആയിരുന്നു. ദുരന്തങ്ങളിൽ പോലും കേരളത്തിന്റെ അതിജീവനത്തെ പ്രതിപക്ഷം മുടക്കി. സാലറി ചലഞ്ചിനെ പ്രതിപക്ഷം എതിർത്തു. അതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. ആപത്ത് ഘട്ടത്തിൽ പ്രതിപക്ഷം കേരളത്തിനെതിരായിരുന്നു.
കേരളം കടക്കെണിയിൽ എന്ന നിലയിൽ പ്രചരണം നടക്കുന്നു. കടക്കെണി എന്നത് വികസന വിരുദ്ധ പ്രചരണമാണ്. ലൈഫ് പദ്ധതിയിൽ നാലരലക്ഷം വീടുകൾ പൂർത്തിയായി. ഉടൻ 5 ലക്ഷം വീടുകൾ എന്ന സ്വപ്നം പൂർത്തിയാകും. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. കേരളത്തിന്റെ ബദൽ നയം തുടരണം. നവകേരളം സങ്കൽപ്പമല്ല, വർത്തമാനകാലത്ത് യാഥാർത്ഥ്യമാകുന്നതാണ്. അതിലേക്കാണ് കേരളത്തിന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.