തിരുവനന്തപുരം: എല്ലപുള്ളിയില്‍ മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതിയെന്ന് ആരോപണവുമായി രമേശ് ചെന്നിത്തല. അതീവരഹസ്യമായിട്ടാണ് അനുമതിയെന്നും മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുള്ള കമ്പനിയായതിനാലാണ് ഈ നീക്കമെന്നും ഒയാസീസിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്നും പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
നായനാര്‍ സര്‍ക്കാരാണ് കേരളത്തില്‍ മദ്യനിര്‍മ്മാണ കമ്പനിവേണ്ടെന്ന് തീരുമാനിച്ചത്. പിന്നീട് വന്ന സര്‍ക്കാരുകളെല്ലാം അത് പാലിച്ചു.ഇപ്പോള്‍ എന്താണ് നിര്‍ബന്ധമെന്നും ചോദിച്ചു. അതീവ രഹസ്യമായിട്ടാണ് അനുമതി നല്‍കിയത്. മുഖ്യമന്ത്രിക്ക് താല്പര്യം ഉള്ള കമ്പനി ആയതിനാലാണ് അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ ജീനില്‍ അഴിമതി നിറഞ്ഞിരിക്കുന്നു. ദില്ലിയില്‍ മദ്യ അഴിമതി വിവാദം ഉണ്ടാക്കിയ കമ്പനിയാണ് ഓയസിസ്. ദില്ലി മദ്യ നയക്കേസിനു സമാനമായ അഴിമതിയാണ് ഇതും. പ്ലാച്ചിമട സമരം നടത്തിയ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമുള്ള കമ്പനിക്ക് എങ്ങനെ അനുമതി നല്‍കി യെന്ന് ചോദിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ മദ്യത്തിന് വെള്ളം കൊടുക്കുന്നില്ല. സര്‍ക്കാരിന് കീഴില്‍ മലബാര്‍ ഡിസ്റ്റിലറീസിനു വെള്ളം കൊടുക്കുന്നില്ല. ജനങ്ങള്‍ക്ക് കുടിവെള്ളം പോലുമില്ലാത്ത സാഹചര്യത്തില്‍ ഇത് കൊള്ളയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന് എക്‌സൈസ് വകുപ്പ് എന്നും കറവപ്പശുവാണ്. എന്ത് ശാസ്ത്രീയ പഠനം നടത്തിയാണ് അനുമതി നല്‍കിയതെന്നും മന്ത്രി കൃഷ്ണന്‍ കുട്ടി എന്താണ് മിണ്ടാതിരിക്കുന്നതെന്നും ചോദിച്ചു. മദ്യകമ്പനിക്ക് നല്‍കിയ അനുമതി പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.