• Sat. Oct 12th, 2024

24×7 Live News

Apdin News

Pinarayi Vijayan has something to hide; Chief Secretary and DGP should not come to Raj Bhavan anymore | പിണറായി വിജയന് എന്തോ ഒളിക്കാനുണ്ട് ; ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട

Byadmin

Oct 12, 2024


uploads/news/2024/10/740271/governor.jpg

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എന്തോ ഒളിക്കാനുള്ളതിനാലാണു താന്‍ വിളിപ്പിച്ചിട്ടും ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാത്തതെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഇനി രാജ്ഭവനിലേക്കു വരേണ്ടെന്നു സ്വരം കടുപ്പിച്ച ഗവര്‍ണര്‍, മലപ്പുറം സ്വര്‍ണക്കടത്ത് പരാമര്‍ശവിവാദത്തില്‍ മുഖ്യമന്ത്രി തനിക്കയച്ച വിശദീകരണക്കത്തും പുറത്തുവിട്ടു.

സംസ്ഥാനത്തു ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി തനിക്കയച്ച കത്തില്‍ നിറയെ വൈരുധ്യങ്ങളാണെന്നു ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം തനിക്കു മനസിലാകുന്നില്ല. സംസ്ഥാനത്തു ദേശവിരുദ്ധശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ലെന്നാണു കത്തിലുള്ളത്. അത് താന്‍ വിശ്വസിക്കാം. പക്ഷേ അതേ കത്തില്‍, സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറയുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കേണ്ടതു ഗവര്‍ണറുടെ ഉത്തരവാദിത്വമാണ്. സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിശദീകരണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു താന്‍ കത്തയച്ചു. എന്നാല്‍, 27 ദിവസമായിട്ടും മറുപടി തന്നില്ല. ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും രാജ്ഭവനിലേക്കു വിളിപ്പിച്ചപ്പോഴാണു മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്.

സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്നു മുഖ്യമന്ത്രി പറയുമ്പോള്‍, അതേക്കുറിച്ച് അന്വേഷണത്തിന് തന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്നു ഗവര്‍ണര്‍ കഴിഞ്ഞദിവസം താക്കീത് നല്‍കിയിരുന്നു. തനിക്കെന്തോ ഒളിക്കാനുണ്ടെന്നു ഗവര്‍ണര്‍ പരാമര്‍ശിച്ചതില്‍ മുഖ്യമന്ത്രിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.



By admin