• Mon. Apr 28th, 2025

24×7 Live News

Apdin News

Pinarayi Vijayan invites to dinner at Cliffhouse | ക്ലിഫ്ഹൗസില്‍ അത്താഴവിരുന്നിന് ക്ഷണിച്ച് പിണറായി വിജയന്‍ ; തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തി ക്ഷണം നിരസിച്ചു മൂന്ന് ഗവര്‍ണര്‍മാര്‍

Byadmin

Apr 28, 2025


uploads/news/2025/04/778132/pinarayi-and-arlekar.jpg

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നടത്താനിരുന്ന അത്താഴവിരുന്ന് നിരസിച്ചു മൂന്നു ഗവര്‍ണര്‍മാര്‍. കേരള, ഗോവ, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍മാരെയാണു മുഖ്യമന്ത്രി വിരുന്നിനു ക്ഷണിച്ചത്. എന്നാല്‍, വിരുന്ന് തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തി ക്ഷണം നിരസിക്കാന്‍ ഗവണര്‍മാര്‍ കൂട്ടായി തീരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തിയാണ് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെ വിരുന്നിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഗവര്‍ണര്‍ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ രാജ്ഭവന്‍ അറിയിച്ചു. പിന്നാലെ മറ്റ് ഗവര്‍ണര്‍മാരും നിലപാട് അറിയിച്ചു.

അതേസമയം അത്താഴ വിരുന്ന് നിരസിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. കേരളാ ഗവര്‍ണര്‍ക്കും പുറമെ മലയാളികളായ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയേയും ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ഇവരും വിരുന്നില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട സി.എം.ആര്‍.എല്‍. -എക്‌സാലോജിക് കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നത് പുതിയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ഗവര്‍ണറുടെ വിലയിരുത്തല്‍.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിരുന്നില്‍ ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്നതിനെ അനുകൂലിച്ചില്ലെന്നും സൂചനയുണ്ട്. ഡല്‍ഹി കേരളഹൗസില്‍ മുഖ്യമന്ത്രി ധനമന്ത്രി നിര്‍മല സീതാരാമന് ഒരുക്കിയ ബ്രേക്ക് ഫാസ്റ്റ് ചര്‍ച്ച വലിയ വിവാദമായിരുന്നു. ബി.ജെ.പി,-സി.പി.എം. ഒത്തുതീര്‍പ്പ് നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഇതിനെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് അത്താഴവിരുന്ന് വേണ്ടെന്നു വയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍.



By admin