നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മലയാലപ്പുഴ നല്ലൂര്‍ വാഴവിളയില്‍ വീട്ടില്‍ ഇഡ്‌ഡലി എന്നു വിളിക്കുന്ന ശരണ്‍ ചന്ദ്രനെ(25)യാണ് കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്കു ജില്ലയില്‍നിന്നു പുറത്താക്കിയത്.
![kerala](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763656/veensa-saran.jpg?w=640&ssl=1)
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാലയിട്ടു സി.പി.എമ്മിലേക്കു സ്വീകരിച്ചതിലൂടെ വിവാദ നായകനായ കാപ്പ കേസ് പ്രതിയെ പോലീസ് വീണ്ടും കാപ്പ ചുമത്തി നാടുകടത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മലയാലപ്പുഴ നല്ലൂര്‍ വാഴവിളയില്‍ വീട്ടില്‍ ഇഡ്‌ഡലി എന്നു വിളിക്കുന്ന ശരണ്‍ ചന്ദ്രനെ(25)യാണ് കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്കു ജില്ലയില്‍നിന്നു പുറത്താക്കിയത്.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ, കഴിഞ്ഞ ഡിസംബര്‍ 17ലെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി: എസ്.അജിതാ ബേഗത്തിന്റെതാണ് ഉത്തരവ്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ മന്ത്രി വീണാ ജോര്‍ജ്, അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ചു എന്നിവരുടെ നേതൃത്വത്തില്‍ ശരണ്‍ അടക്കം നിരവധി ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്. ഇതു വിവാദമായതോടെ, ശരണിനെതിരായ കേസുകള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നും മാധ്യമങ്ങളല്ല കോടതിയാണു പ്രതിയെ തീരുമാനിക്കുന്നതെന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രതികരിച്ചിരുന്നു.
പക്ഷേ, ശരണും ഒപ്പം വന്നവരും വീണ്ടും പല ക്രിമിനല്‍ കേസുകളിലും കഞ്ചാവ് കേസിലും പ്രതികളായി. അതിനിടെ പത്തനംതിട്ട പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കോടതിയില്‍ വിചാരണയിലിരിക്കുന്ന അഞ്ചു കേസുകളുടെ അടിസ്‌ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു കാപ്പ ചുമത്തി നാടുകടത്തിയത്.
പത്തനംതിട്ട, മലയാലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 2016 മുതല്‍ നിരന്തരം സമാധാനലംഘനവും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും സൃഷ്‌ടിച്ചുവരികയാണു പ്രതിയെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പാ നിയമപ്രകാരമുള്ള നടപടിക്കു പരിഗണിച്ച അഞ്ചു കേസുകള്‍ കൂടാതെ പത്തനംതിട്ടയിലെ മറ്റൊരു കേസ് അന്വേഷണത്തിലാണ്. 2016 മുതല്‍ പത്തനംതിട്ട, മലയാലപ്പുഴ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഏഴു കേസുകളില്‍ ശരണ്‍ പ്രതിയായിട്ടുണ്ട്.
അടൂര്‍ എസ്.ഡി.എം. കോടതിക്കു മലയാലപ്പുഴ പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ ഇയാള്‍ക്കെതിരേ ഒരു വര്‍ഷത്തേക്കു നല്ലനടപ്പിന് 2023 ഓഗസ്‌റ്റ് 15 ന് ഉത്തരവായിരുന്നു. എന്നാല്‍, തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ബോണ്ട് വ്യവസ്‌ഥ ലംഘിച്ചു. ഇക്കാര്യത്തിന് കോടതിയില്‍ റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചിരുന്നു. ഇയാള്‍ക്കെതിരേ 2019 മുതല്‍ റൗഡി ഹിസ്‌റ്ററി ഷീറ്റ് നിലവിലുണ്ട്. ഒടുവിലെടുത്ത കേസ് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ നാലിനു പത്തനംതിട്ട പോലീസ് രജിസ്‌റ്റര്‍ ചെയ്‌തതാണ്.