കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരന്‍ അറസ്‌റ്റിലായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ, ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും അറസ്‌റ്റിലായി.
തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയെ ബലാത്സംഗം ചെയ്‌ത കേസില്‍ പോലീസുകാരന്‍ പ്രതി. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരന്‍ അറസ്‌റ്റിലായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ, ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും അറസ്‌റ്റിലായി.
ഇരുകേസുകളിലുമായി ചോദ്യംചെയ്‌തപ്പോഴാണു യുവതി ബലാത്സംഗവിവരം വെളിപ്പെടുത്തിയത്. റൂറല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലെ സീനിയര്‍ സി.പി.ഒ: ഗിരീഷ്‌കുമാറിനെതിരേയാണു ബാലരാമപുരം പോലീസ് ബലാത്സംഗക്കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. അതിജീവിതയുടെ അടുത്തബന്ധുവുമാണ് ഇയാള്‍. ബലാത്സംഗം, അതിക്രമിച്ചുകടക്കല്‍, വ്യാജപ്രചാരണം, പണാപഹരണം എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. 45 ദിവസം അവധിയെടുത്ത ഗിരീഷ്‌കുമാര്‍ ഒളിവിലാണെന്നു പോലീസ് പറയുന്നു.
വീട്ടില്‍ അതിക്രമിച്ച് കയറിയ ഗിരീഷ്‌കുമാര്‍ ബലാത്സംഗം ചെയ്‌ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അവ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി 39 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണു യുവതിയുടെ മൊഴി. ഗിരീഷ്‌കുമാറിന് ഉന്നത ഉദ്യോഗസ്‌ഥരുമായുള്ള അടുപ്പമറിയാവുന്ന ബാലരാമപുരം പോലീസ് ആദ്യം കേസെടുക്കാന്‍ മടിച്ചു. തുടര്‍ന്ന്, റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ കര്‍ശന ഇടപെടലിനേത്തുടര്‍ന്നാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഷിജുവെന്ന ആളില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ അറസ്‌റ്റിലായത്. ഷിജുവിന് വ്യാജനിയമന ഉത്തരവ് നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ 30-നാണ് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.