
കോട്ടയം: ”ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസില്‍ നിന്നു പോകുന്നില്ല, ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാന്‍ പറ്റാത്തഅവസ്ഥ…. സമീപകാലത്ത് രണ്ടു യുവതികളായ അമ്മമ്മാരും അവരുടെ പെണ്‍മക്കളും ജീവനൊടുക്കിയ കേസുകള്‍ അന്വേഷിക്കുന്ന ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ. എ.എസ്. അന്‍സില്‍ ഇന്നലെ രാവിലെ ഫേസ്ബുക്കില്‍ കുറിച്ചു വാക്യങ്ങളില്‍ അവസാനത്തേതായിരുന്നു ഇത്. ചൊവ്വാഴ്ച അമ്മയ്‌ക്കൊപ്പം ജീവന്‍ നഷ്ടമായ നോറയെക്കുറിച്ചായിരുന്നു പരാമര്‍ശം. ജില്ലയില്‍ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനിടെയുള്ള അന്‍സിലിന്റെ പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലാകുകയും ചെയ്തു.
അന്‍സലിന്റെ കുറിപ്പ് ഇങ്ങനെ: ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ ജനുവരി 1മുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികള്‍. (കോട്ടയം ജില്ലയില്‍ തന്നെ കൂടുതല്‍, അതില്‍ 500 അടുത്ത് കുടുംബ പ്രശ്‌നങ്ങള്‍).ഇതില്‍ ഒരു 10 ശതമാനം അടുത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്നു പറഞ്ഞു വിലപിക്കുന്നവര്‍. ഇത്തരത്തില്‍ മദ്യപിച്ചു കുടുംബങ്ങളില്‍ പ്രശ്‌നം ഉണ്ടാക്കുന്ന ആളുകള്‍ കുടുംബങ്ങളില്‍ പോയി വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്‌റ്റേഷനില്‍ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടല്‍. ദിവസവും 100 ആളുകള്‍ അടുത്ത് വിവിധ ദിവസങ്ങളില്‍ ഒപ്പിടുന്ന ഒരു സ്‌റ്റേഷന്‍ ആണ് ഏറ്റുമാനൂര്‍. ഒപ്പിടാന്‍ വന്നില്ല, എങ്കില്‍ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും, എന്താണ് വരാത്തതെന്ന്. ഒപ്പിടല്‍ നിര്‍ത്തണം എങ്കില്‍ ഭാര്യ പറയണം, ചേട്ടന്‍ ഇപ്പോള്‍ കുഴപ്പം ഇല്ല സര്‍,ഒപ്പിടില്‍ നിര്‍ത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേല്‍നോട്ടവും ആത്മാര്‍ത്ഥമായ സേവനവും നടത്തി ആണു നടത്തി ആണ് ഏറ്റുമാനൂര്‍ പോലീസുകാര്‍ 100കണക്കിന് ആത്മഹത്യകള്‍ തടഞ്ഞു കൊണ്ടിരിക്കുന്നത്.
എന്നാല്‍ 2 മാസം മുന്‍പു ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കല്‍ കോളജ് ഇന്‍ക്വസ്റ്റ് ടേബിളില്‍ പെറുക്കി വെച്ച് ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ എന്റെ സിദ്രുവിന്റെയും അയനയുടെയും മുഖങള്‍ മനസില്‍ മാറി വന്നു. ഒരു തവണ എങ്കിലും സ്‌റ്റേഷനില്‍ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കില്‍ എന്നു വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2 കുട്ടികളും കാരിത്താസ് ആശുപത്രിയില്‍, ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസില്‍ നിന്നു പോകുന്നില്ല, ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാന്‍ പറ്റാത്ത അവസ്ഥ.
ആത്മഹത്യകള്‍ വര്‍ധിപ്പിക്കുന്നതിനു പിന്നില്‍ കുടുംബപ്രശ്‌നങ്ങളോ?. അറിഞ്ഞും അറിയാതെയും പോകുന്ന കുടുംബപ്രശ്‌നങ്ങളാണ് സമീപകാലത്തെ മിക്ക ആത്മഹത്യകളുടെയും പിന്നില്ലെന്നു പോലീസ് പറയുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യകള്‍ക്കു പിന്നിലെ പ്രധാന കാരണമെങ്കില്‍, ഇപ്പോള്‍ കുടുംബപ്രശ്‌നങ്ങളാണു മുന്നില്‍. കോവിഡിനു ശേഷമാണു കുടുംബപ്രശ്‌നങ്ങളും തുടര്‍ന്നുള്ള ആത്മഹത്യകളും വര്‍ധിച്ചത്.
ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്ന കേസുകളില്‍ പകുതിയും കുടുംബപ്രശ്‌നങ്ങളാണ്. വിവാദമായ രണ്ടു കൂട്ട ആത്മഹത്യകള്‍ നടന്ന ഏറ്റുമാനുരിലെ കഴിഞ്ഞ മൂന്നു മാസത്തെ 700 പരാതികളില്‍ 70 ശതമാനം പരാതികള്‍ കുടുംബപ്രശ്‌നങ്ങളായിരുന്നു. ഗൃഹനാഥന്‍മാരുടെ മദ്യപാനം, ലഹരി ഉപയോഗം, തുടര്‍ന്നുള്ള ശാരീരിക ഉപദ്രവം എന്നിവയാണ് പ്രധാന പരാതികള്‍. മക്കളുടെ അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്നുള്ള അക്രമസംഭവങ്ങള്‍ക്കെതിരേ പരാതിയുമായി വരുന്നവരുമുണ്ട്. പങ്കാളിയെ സംശയം, ഈഗോ തുടങ്ങിയ കാരണങ്ങളാല്‍ പരാതികളുമായി സ്‌റ്റേഷനിലെത്തുന്നവരുമുണ്ട്.
പകുതിയോളം കേസുകള്‍ പോലീസിന്റെ വിരട്ടലിലും ഉപേദേശത്തിലും ആവിയാകുമെങ്കില്‍ ബാക്കി അവശേഷിക്കും. പോലീസ് തന്നെ മുന്‍കൈ എടുത്ത് ഒത്തുതീര്‍പ്പിലാക്കുന്ന കേസുകളുമുണ്ട്. കുടുംബത്തിലെ പ്രധാനികള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ഇടപെട്ടിട്ടും അവസാനിക്കാത്ത കേസുകളാണു പോലീസ് സ്‌റ്റേഷനിലേക്ക് എത്തുക. അഞ്ചു മുതല്‍ 20 ശതമാനം വരെ വിവാഹമോചനത്തിലേക്കും വരെ നീളാം.
ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ എത്തുന്ന വിവാഹ മോചന കേസുകളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. 28- 50 വയസിനിടയിലുള്ള ദമ്പതികളാണ് കുടുംബപ്രശ്‌നങ്ങളുമായി വരുന്നവരില്‍ ഏറെയുമെന്നു പോലീസും കൗണ്‍സിലിങ്ങ് വിദഗ്ധരും പറയുന്നു. നാണക്കേട്, ഭയം എന്നീ കാരണങ്ങളാല്‍ പരാതി നല്‍കാനോ പറയാനോ പോകാതെ പ്രശ്‌നങ്ങള്‍ ഉള്ളിലടക്കി കഴിയുന്നവരുമുണ്ട്.