തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ ധനവകുപ്പ് കടുത്തനടപടികളിലേക്ക്. തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അനേ്വഷണത്തിനു മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ നഗരസഭയില്‍ പെന്‍ഷന്‍ അര്‍ഹതയെക്കുറിച്ച് അനേ്വഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് അനേ്വഷണത്തിനു നടപടി സ്വീകരിക്കാനാണ് തദ്ദേശവകുപ്പിനുള്ള നിര്‍ദേശം. കോട്ടയ്ക്കല്‍ നഗരസഭ ഏഴാം വാര്‍ഡിലെ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളെക്കുറിച്ച് ധനകാര്യപരിശോധനാവിഭാഗം നടത്തിയ അനേ്വഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ അനേ്വഷണം.
ഏഴാം വാര്‍ഡിലെ 42 ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ബി.എം.ഡബ്ല്യു. ആഡംബര കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. വീടുകളില്‍ എയര്‍ കണ്ടിഷണര്‍ ഉള്‍പ്പെടെ സുഖസൗകര്യങ്ങളുള്ളവരും പങ്കാളിക്കു സര്‍വീസ് പെന്‍ഷനുള്ളവരുമൊക്കെ 1600 രൂപ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നു. ഗുണഭോക്താക്കളില്‍ മിക്കവരുടെയും വീട് 2000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതാണ്.
ഒരേ വാര്‍ഡില്‍ കൂട്ടത്തോടെ അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നില്‍ അഴിമതിയും ഗൂഢാലോചനയുമുണ്ടാകാമെന്നാണു ധനകാര്യപരിശോധനാവിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. തുടരനേ്വഷണത്തിന്റെ ഭാഗമായി കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹികസുരക്ഷാഗുണഭോക്താക്കളുടെയും അര്‍ഹത പരിശോധിക്കും. ഇതുസംബന്ധിച്ച് നഗരസഭയ്ക്കു നിര്‍ദേശം നല്‍കാന്‍ തദ്ദേശസ്വയംഭരണവകുപ്പിനോട് ആവശ്യപ്പെട്ടു. സംസ്ഥാനമാകെ പരിശോധന വ്യാപിപ്പിച്ച് അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കും.
ബാങ്ക് അക്കൗണ്ടിലൂടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കും. തട്ടിപ്പിനു കൂട്ടുനിന്ന ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് രംഗത്തുവന്ന യു.ഡി.എഫ്. അനുകൂല സര്‍വീസ് സംഘടനകളെ മന്ത്രി ബാലഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സമാനമായ രീതിയില്‍ അനര്‍ഹര്‍ വ്യാപകമായി ബി.പി.എല്‍. പട്ടികയിലുള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു.