
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.
ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന്. 2001-ലാണ് ബെര്‍ഗോളിയോ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 2001-ല്‍ ബെര്‍ഗോളിയോയെ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. വിനയാന്വിതമായ പെരുമാറ്റം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.
1936 ഡിസംബര്‍ 17-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ റെയില്‍വേ തൊഴിലാളിയായ മരിയോ ജോസ് ബെര്‍ഗോളിയോയുടെയും സാധാരണക്കാരിയായ വീട്ടമ്മ മരിയ സിവോറിയയുടെയും അഞ്ചു മക്കളില്‍ ഒരാളായി ജനനം. ഇറ്റലിയില്‍നിന്നു കുടിയേറിയ ഒരു മധ്യവര്‍ഗ കുടുംബമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്. സാധാരണ കുടുംബത്തില്‍ ജനിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞും ഇടപഴകിയും വളര്‍ന്നതിനാല്‍ താഴേക്കിടയിലുള്ളവര്‍ക്ക് അദ്ദേഹം പ്രത്യേകം പരിഗണന നല്‍കിയിരുന്നു.